വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിക്കും
കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിക്കുന്ന അശ്വത്ഥം - ആശാത്മായനം പരിപാടി 28ന് രാവിലെ 9.30ന് പാലാരിവട്ടം കുമാരനാശാൻ സ്മാരക ഹാളിൽ നടക്കും. ഷഷ്ഠിപൂർത്തി പിന്നിട്ട നാനൂറോളം മുൻ ശാഖായോഗം ഭാരവാഹികളെ ആദരിക്കുകയും, വിവിധ കോഴ്സുകളിലെ റാങ്ക് ജേതാക്കളെയും എസ്.എസ്.എൽ.സി., പ്ളസ് ടൂ പരീക്ഷകളിൽ ഫുൾ എ പ്ളസ് നേടിയ 300 ഓളം വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യുന്ന ചടങ്ങാണ് അശ്വത്ഥം. മലയാള സാഹിത്യത്തിൽ കാല്പനിക വസന്തം വിരിയിച്ച മഹാകവിയും ഗുരുദേവശിഷ്യനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന കുമാരനാശാന്റെ അനുസ്മരണം ആശാത്മായനം എന്ന പേരിൽ വേദിയിൽ അരങ്ങേറും.
ഞായറാഴ്ച രാവിലെ 9.30ന് കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. യോഗം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.പി.ശിവദാസ്, കെ.കെ.മാധവൻ, ടി.എം.വിജയകുമാർ, എൽ.സന്തോഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, വനിതാസംഘം ചെയർപേഴ്സൺ ഭാമ പത്മനാഭൻ, സൈബർ സേന കൺവീനർ റെജി വേണുഗോപാൽ, എംപ്ളോയീസ് ഫോറം പ്രസിഡന്റ് സുരേഷ്, പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.രാജൻ ബാനർജി, വൈദികയോഗം സെക്രട്ടറി സനോജ് ശാന്തി, കുമാരിസംഘം വൈസ് പ്രസിഡന്റ് പ്രാർത്ഥന പ്രശാന്ത് തുടങ്ങിയവർ ആശംസകൾ നേരും. യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് സ്വാഗതവും വൈസ് ചെയർമാൻ സി.വി.വിജയൻ നന്ദിയും പറയും.