കൊച്ചി: വിദേശരാജ്യങ്ങളുടെ മാതൃകയിൽ കേരളാ പൊലീസിന്റെ ആശയ വിനിമയ സംവിധാനങ്ങളും ഡിജിറ്റലാകും. പ്രധാന ചുവടുവയ്പ്പായി അത്യാധുനിക വയർലെസ് സെറ്റുകൾ (വാക്കി ടോക്കി) എത്തി. കൊച്ചി സിറ്രി പൊലീസിൽ സർക്കിളിലാണ് ആദ്യ ബാച്ച് സെറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്. വൈകാതെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലുമെത്തും. എറണാകുളം നോർത്ത്, ഈസ്റ്റ് , തൃപ്പൂണിത്തുറ, പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലാണ് ഉപയോഗിച്ചുവരുന്നത്.
ഏറ്റവും തന്ത്രപ്രധാന മേഖലയായ കൊച്ചിയിൽ രണ്ടുമാസമായി തുടരുന്ന പരീക്ഷണം വിജയകരമെന്നാണ് വിലയിരുത്തൽ. തടിച്ചതും ഭാരമുള്ളതുമായ വയർലെസ് സെറ്റിന് പകരമെത്തിയവയ്ക്ക് തീരെ ഭാരമില്ല. മികച്ച റേഞ്ചും ശബ്ദ വ്യക്തതയുമുണ്ട്. തുടക്കത്തിൽ ഉപയോഗിക്കുന്നതിലെ ആശയക്കുഴപ്പം ഒഴിഞ്ഞതോടെ സെറ്റ് മികച്ചതെന്ന അഭിപ്രായമാണ് ട്രാഫിക് പൊലീസുകാർക്ക്. കൺട്രോൾ റൂമിൽ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയശേഷമാണ് ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് സെറ്റുകൾ കൈമാറിയത്. സെറ്റിന്റെ ചെറിയ പോരായ്മകൾ പരിഹരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
സിമ്മിടാം.. വിളിക്കാം
ഡിജിറ്റൽ ഡിസ്‌പ്ലേ മുതൽ സിം ഇടാനുള്ള സൗകര്യം വരെ പുതിയ സെറ്റുകൾക്കുണ്ട്. കൺട്രോൾ റൂമിൽ നിന്നുള്ള അറിയിപ്പ് മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥന് ഒരു വയർലെസ് സെറ്റിലേക്ക് മാത്രം വിളിക്കാനും നിർദ്ദേശങ്ങൾ നൽകാനും സാധിക്കും. ഇപ്പോൾ ഒരാൾക്ക് നൽകുന്ന നിർദ്ദേശം എല്ലാ സെറ്റുകളിലും ലഭിക്കും. സിം ഇടുന്ന സൗകര്യം ഇപ്പോൾ ഉപയോഗിച്ചേക്കില്ല.
മോഴ്സ് കോഡ് മുതൽ
കേരളത്തിന്റെ മുക്കിലും മൂലയിലും റേഞ്ച് ലഭിക്കുന്ന വയർലെസ് സംവിധാനത്തിലേക്ക് പടിപടിയായാണ് പൊലീസ് നടന്നു കയറിയത്. 1956ൽ മലബാർ സ്‌പെഷ്യൽ പൊലീസിലാണ് കേരളത്തിൽ ആദ്യമായി എച്ച്.എഫ് മോഴ്‌സ് ആശയവിനിമയ സംവിധാനം ഉപയോഗിച്ചത്. 1974ൽ കേരള പൊലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗം നിലവിൽ വന്നു. പൊലീസ് അസ്ഥാനത്തും പ്രധാന ജില്ലാ പൊലീസ് അസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് വി.എച്ച്. എഫ് ആശയവിനിമയ സംവിധാനത്തിലേക്ക് മാറി. 1979 ടെലി പ്രിന്റർ സേനയുടെ ഭാഗമായി. 2003ൽ ഇത് ഒഴിവാക്കി.