മൂവാറ്റുപുഴ: നിറയെ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് 12 കുട്ടികൾക്ക് പരിക്ക്. പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ വാഹനമാണ് ഇന്നലെ രാവിലെ ഒൻപതോടെ കാക്കടശേരി - കാളിയാർ റോഡിൽ അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിയുടെ മൂക്കിന് പരിക്കേറ്റു. മറ്റൊരു കുട്ടിക്ക് മുറിവിന് തുന്നിടേണ്ടി വന്നു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇടിയുടെ ആഘാതത്തിൽ സീറ്റിൽ നിന്ന് തെറിച്ച് കമ്പിയിലും മറ്റും ഇടിച്ചാണ് കൂടുതൽ പേർക്കും പരുക്കേറ്റത്.
ഇടിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കുട്ടികളെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞ് പോത്താനിക്കാട് സ്റ്റേഷനിൽ നിന്നും കൺട്രോൾ റൂമിൽ നിന്നും ഉള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.
കക്കടാശേരി ഭാഗത്ത് നിന്ന് അഞ്ചൽപ്പെട്ടി ഭാഗത്തേക്ക് വിദ്യാർഥികളെ സ്കൂളിലേക്ക് കൊണ്ട് വരുന്നതിന് പോയ ബസാണ് അപകടത്തിൽ പെട്ടത്. കക്കടാശേരി, കടുംപിടി, ഷാപ്പുംപടി, കാലാമ്പൂർ, അമ്പലംപടി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വിദ്യാർത്ഥികൾ പഠിക്കാനെത്തുന്നത് പുതുപ്പാടി സ്കൂളിലാണ്. ഇവരുടെ സൗകര്യാർത്ഥമാണ് ഈ മേഖലകളിൽ സ്കൂൾ ബസ് സർവീസ് നടത്തുന്നത്. കനത്തമഴയും വളവും അപകടത്തിന് കാരണമായെന്ന് പ്രദേശവാസികൾ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ദിശാബോർഡും അടുത്തിടെ സ്ഥാപിച്ച വഴി വിളക്കും ഇടിച്ച് തെറിപ്പിച്ച ശേഷമാണ് മതിലിൽ ഇടിച്ച് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ലുകളും തകർന്നു.