മൂവാറ്റുപുഴ: ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഒന്നര വർഷം മുമ്പ് ആരംഭിച്ച മൂവാറ്റുപുഴ നഗര വികസനം ഇഴഞ്ഞ് നീങ്ങുന്നതിന് എതിരെ നഗര വികസന ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. ആദ്യഘട്ടമെന്ന നിലയിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമ ഹർജിയിലേക്കുളള ഒപ്പ് ശേഖരണം രാവിലെ 10 ന് നഗരസഭ ഓഫീസ് മന്ദിരത്തിന് മുന്നിലുളള ഗാന്ധി പ്രതിമക്ക് മുന്നിൽ ആരംഭിക്കും. നാല് ദിവസം കൊണ്ട് 28 വാർഡുകളിലെയും മുഴുവൻ പേരുടെയും ഒപ്പ് ശേഖരിച്ച് ആഗസ്റ്റ് ആദ്യവാരം മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് ഭാരവാഹികളായ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, എസ്. മോഹൻദാസ്, സുർജിത് എസ്തോസ്, എം.ബി. പ്രമോദ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് എം.സി. റോഡ് ഉപരോധം, പ്രാദേശിക ഹർത്താൽ, അനിശ്ചിതകാല ഉപവാസം, കെ.ആർ.എഫ്.ബി. ഓഫീസ് ഉപരോധം, സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ തുടങ്ങിയ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും.
വികസന തടസത്തിലെ കാരണങ്ങൾ
കാലതാമസം
നടത്തിപ്പിലെ നിരന്തര വീഴ്ചകൾ
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ
ഹർജിയിലെ ആവശ്യങ്ങൾ
നഗരവികസനം സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം
കെ.എസ്.ടി.പി. പദ്ധതി രൂപരേഖ അനുസരിച്ചുളള ഭൂമി ഏറ്റെടുക്കണം
പുറമ്പോക്ക് ഭൂമിയും നിലവിൽ ഏറ്റെടുത്ത മുഴുവൻ ഭൂമിയും വികസനത്തിന് ഉപയോഗിക്കണം
മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിച്ച് പദ്ധതി പ്രകാരമുള്ള പാർക്കിംഗ് സൗകര്യം ഉൾപ്പെടെയുളളവ നടപ്പാക്കണം
പിന്തുണയുമായി 68 സംഘടനകൾ
നഗര ജീവിതം ദുരിതമാക്കുന്ന വികസന മുരടിപ്പിനെതിരെ നഗരവികസന ജനകീയ സമിതിയുടെ ഭാഗമായത് 68 സംഘടനകൾ. രാഷ്ട്രീയത്തിന് അതീതമായി ജനകീയ മുന്നേറ്റത്തിലൂടെ പ്രശ്ന പരിഹാരം ഉണ്ടാക്കുകയാണ് സംഘടന ലക്ഷ്യമിടുന്നത്. മർച്ചന്റ്സ് അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷനുകൾ, പ്രസ് ക്ലബ്, കലാ സാംസ്കാരിക സംഘടനകൾ, വിവിധ ക്ലബുകൾ, സ്ക്കൂളുകൾ എന്നിവയുടെ ഭാരവാഹികളെ വിളിച്ചു ചേർത്ത് മർച്ചന്റ്സ് അസോസിയേഷൻ മുൻകൈ എടുത്താണ് സംഘടനക്ക് രൂപം നൽകിയത്.