nagarasaba

മൂവാറ്റുപുഴ: അനിശ്ചിതത്വത്തിന് ഒടുവിൽ മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനിയുടെ ഭാഗമായി നിർമ്മിക്കുന്ന ഒളിമ്പ്യൻ ചന്ദ്രശേഖരൻ നായർ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. സ്പോർട്സ് കേരള ഫൗണ്ടേഷൻ അംഗങ്ങളും കിഫ്ബി അംഗങ്ങളും സ്ഥലപരിശോധനക്ക് എത്തി. മറ്റ് ഉദ്യോഗസ്ഥ സംഘവും നഗരസഭ കൗൺസിലർമാരും സംഘത്തിൽ ഉണ്ടായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉള്ള വലിയ സ്റ്റേഡിയങ്ങളിലൊന്നാണ് മൂവാറ്റുപുഴയിലേത്. സ്പോർട്സ് കേരള ഫൌണ്ടേഷന് ആണ് നിർമ്മാണംചുമതല. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലത്ത് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കൂടുതൽ തുക വേണ്ടി വരുമെന്നു വന്നതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായത്.

സ്വിമ്മിംഗ് പൂൾ ഉൾപ്പെടെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിനു 18 കോടി രൂപ കൂടി വർദ്ധിപ്പിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്നതിന് 43 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്. 32.55 കോടി രൂപയായിരുന്നു ഇൻഡോർ സ്റ്റേഡിയത്തിന്റെ ആദ്യത്തെ എസ്റ്റിമേറ്റ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ ഉദ്ഘാടനവും നടത്തിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. കാലതാമസം നേരിട്ടതോടെയാണ് എസ്റ്റിമേറ്റ് 43 കോടി രൂപയായി ഉയർത്തിയത്. നഗരസഭയുടെ കീഴിലുള്ള മുൻസിപ്പൽ സ്റ്റേഡിയം 17 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തിന്റ പിൻഭാഗത്തു സ്ഥിതിചെയ്യുന്ന ആധുനിക മത്സ്യമാർക്കറ്റ് ഇരിക്കുന്ന ഭാഗം ഉൾപ്പെടെ ഉപയോഗപെടുത്തിയാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്.

ഇൻഡോ‍ർ സ്റ്റേഡിയം രൂപരേഖയിലുള്ളത്

 താഴെ പാർക്കിങ് സൗകര്യങ്ങൾ

മൂന്നു നിലകളിൽ സ്റ്റേഡിയം

ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, വോളിബോൾ, ഷട്ടിൽ കോർട്ടുകൾ,

ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കുമായുള്ള പ്രത്യേക ഹോസ്റ്റൽ സൗകര്യങ്ങൾ

ഗാലറി

ഇൻഡോർ സ്റ്റേഡിയ നിർമാണത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. വർക്ക്‌ ഓർഡർ സ്‌പോർട് കേരള ഫൗണ്ടേഷനു നൽകിയാൽ ഉടൻ നിർമാണം ആരംഭിക്കും

പി.പി. എൽദോസ്

നഗരസഭ ചെയർമാൻ