logo

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം നാളെ മുതൽ

ആലുവ: എ.ഡി.ബി വായ്പയുടെ മറവിൽ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കാനുള്ള നീക്കം ചെറുക്കുമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രത്തിന്റെ ജനവിരുദ്ധ അജണ്ടകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ചില ഉന്നത ഉദ്യോഗസ്ഥരാണ് നീക്കത്തിനു പിന്നിൽ. കൊച്ചി കോർപ്പറേഷനിൽ ആദ്യം നടപ്പാക്കുന്ന പദ്ധതി വിജയിച്ചാൽ സംസ്ഥാനത്ത് വ്യാപിപ്പിക്കാനാണ് നീക്കം. നാളെ ആലുവയിൽ ആരംഭിക്കുന്ന യൂണിയന്റെ ത്രിദിന സംസ്ഥാന സമ്മേളനം സമരത്തിന് രൂപം നൽകും.

നാളെ രാവിലെ വയലാറിൽ നിന്നാരംഭിക്കുന്ന പതാക ജാഥയും കളമശേരിയിൽ ഇ. ബാലാനന്ദൻ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന കൊടിമര ജാഥയും വൈകിട്ട് അഞ്ചിന് ആലുവ ബൈപ്പാസിൽ സംഗമിച്ച് സമ്മേളന വേദിയായ മുനിസിപ്പൽ ടൗൺഹാളിലേക്ക് നീങ്ങും. വൈകിട്ട് ആറിന് ട്രേഡ് യൂണിയൻ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.

26ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി. കരുണാകരൻ അദ്ധ്യക്ഷനാകും.

വൈകിട്ട് നാലിന് സുഹൃദ് സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 27ന് വൈകിട്ട് നാലിന് യാത്രയയപ്പ് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.