കോലഞ്ചേരി: വെണ്ണിക്കുളം ഗവ. ജെ.ബി സ്‌കൂളിൽ 2013 ജൂൺ മുതൽ പ്രീ പ്രൈമറി അദ്ധ്യാപികയായി ജോലി ചെയ്യുന്ന സി.ആർ. അശ്വതിക്ക് അടിയന്തരമായി ഓണറേറിയം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികൾ ഡയറക്ടർ കമ്മീഷനെ അറിയിക്കണം. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കമ്മീഷനിൽ വിശദീകരണം സമർപ്പിച്ചു. 2010 ജൂണിലാണ് വെണ്ണിക്കുളം സ്‌കൂളിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്. അശ്വതിക്ക് മുമ്പ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന ഗീതാ തങ്കപ്പന് ഓണറേറിയം നൽകിയിരുന്നില്ല, പരാതിക്കാരി ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. പരാതിക്കാരി പാസായ ഒരു കോഴ്‌സിന് സർക്കാർ അംഗീകാരമില്ലത്തതിനാൽ പരാതിക്കാരിക്ക് ഓണറേറിയത്തിന് അർഹതയില്ലെന്നും റിപ്പോർട്ടിലുണ്ട്. 2013 മേയ് 13ന് നടന്ന പി.​ടി.എ യോഗമാണ് അദ്ധ്യാപികയെ നിയമിക്കാൻ തീരുമാനിച്ചതെന്ന് കോലഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കമ്മീഷനെ അറിയിച്ചു. പരാതിക്കാരിക്ക് ഓണറേറിയം നൽകാതിരിക്കുമ്പോൾ ഇതേ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആയയ്ക്ക് ഓണറേറിയം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുമ്പ് ജോലി ചെയ്തിരുന്ന അദ്ധ്യാപികയ്ക്ക് ഓണറേറിയം നൽകിയില്ലെന്ന പേരിൽ പരാതിക്കാരിക്കും നൽകാനാവില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിയെ നിയമിച്ചത് യോഗ്യതാ പരിശോധനക്കും അഭിമുഖത്തിനും ശേഷമാണ്. ഇതിനു ശേഷം മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് പറയുന്നത് തെ​റ്റാണെന്നും അറിയിച്ചു.