കൊച്ചി: പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയും വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് പിൻതുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പനങ്ങാട് താമസിക്കുന്ന തൃശൂർ ആറാട്ടുപുഴ സ്വദേശി പി.എസ്. സുബിനെ (39)യാണ് എറണാകുളം അ‌ഡീ. ജില്ലാ സെഷൻസ് ജഡ്ജ് കെ.എൻ. പ്രഭാകരൻ ശിക്ഷിച്ചത്. പെൺകുട്ടിയെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ കഴമ്പില്ലെന്നുകണ്ട് രണ്ടാംപ്രതി സഫിയയെ വെറുതെവിട്ടു.

2019 ഡിസംബറിൽ വീട്ടിൽ വച്ചാണ് 17 കാരി പീഡനത്തിനിരായയത്. അടുപ്പം മുതലെടുത്ത പ്രതി പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്തപ്പോളെത്തി മാനഭംഗപ്പെടുത്തിയെന്നാണ് മൊഴി. പിന്നീട് 2021 കാലഘട്ടത്തിൽ വിവാഹം കഴിക്കണെമന്നാവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. സുബിനൊപ്പം താമസിച്ചിരുന്ന സഫിയ തന്നെ വാക്കാൽ അധിക്ഷേപിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു. പോക്സോ നിയമപ്രകാരമെടുത്ത കേസിൽ പനങ്ങാട് പൊലീസ് ഇൻസ്പെക്ടർ കെ.എൻ. മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു കോടതിയിൽ ഹാജരായി.