ബ്രേക്ഫാസ്റ്റിന് ചൂടോടെ ഇഡലിയും സാമ്പാറും വടയും അകത്താക്കുമ്പോൾ, ആ 'അടുക്കള ലൊക്കേഷൻ" ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ, വിക്ടോറിയ തടാകതീരത്താണെന്ന് വിശ്വസിക്കാൻ പ്രയാസം! ഉച്ചയ്ക്ക് ഊണിന് സാമ്പാറും അവിയലും മാങ്ങയിട്ട മീൻകറിയും. ഇനി പുറത്തേക്കിറങ്ങിയാലോ! ചെമ്മൺ പാതയ്ക്കിരുവശവും വാഴത്തോട്ടങ്ങൾ, ചേമ്പും ചേനയും കാച്ചിലും വിളയുന്ന പറമ്പുകൾ, കാരിയും വരാലും തിമിർക്കുന്ന ഇടത്തോടുകൾ, നടവരമ്പുകളിലെ കൊക്കുകൾ.... പതിറ്റാണ്ടുകൾക്കു മുമ്പേ ഉഗാണ്ടയിലേക്കും അയലത്തെ കെനിയയിലേക്കും ജീവിതം തേടിപ്പോയി അവിടെ കുടിപാർപ്പായ മലയാളികൾ സൃഷ്ടിച്ചതാണ് വിക്ടോറിയ തടാക തീരത്തെ കേരളീയ ഗ്രാമങ്ങളും തനി നാടൻ രുചികളും!
സ്വന്തം ആവശ്യത്തിന് പാചകംചെയ്തെടുത്ത് രുചിയോടെ ഭക്ഷിച്ച 'കേരള മീൽസ്" ഇതിനിടെ ആഫ്രിക്കക്കാർക്കു കൂടി മലയാളി പഠിപ്പിച്ചും കൊടുത്തു! അങ്ങനെയിപ്പോൾ ഇഡലിയും സാമ്പാറും മാത്രമല്ല, ദോശയും പാലപ്പവും ഊണിന് എരിശേരിയും മറ്റും ആഫ്രിക്കയിലും ഹിറ്റ് ടേസ്റ്റ്! 'കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന" മലയാളിച്ചൊല്ലു പോലെയാണത്രേ, 'നൈൽ നദിയിലെ വെള്ളം ഒരിക്കൽ കുടിച്ചാൽ അവിടംവിട്ടു പോരില്ലെന്ന" ആഫ്രിക്കൻ ചൊല്ല്! ആ ചൊല്ലിലും പതിരില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് വിക്ടോറിയ തടാകതീരത്തെ മലയാളി സമൂഹം.
നൈൽപെർച്ചിന്
നൂറുകോടി നന്ദി
ആഫ്രിക്കൻ തീരത്ത് തങ്ങളുടെ ജീവിതം പിടിച്ചുനിറുത്തുന്നതിന് അവിടത്തെ ആയിരക്കണക്കിന് മലയാളികൾ നന്ദി പറയുന്നത് 'നൈൽപെർച്ചി"നോടാണ്. 'അതാരപ്പാ" എന്ന് അമ്പരക്കേണ്ട- ഒരു യമണ്ടൻ മത്സ്യമാണ് കഥാനായകൻ. കേരളതീരത്തെ കാളാഞ്ചി മത്സ്യത്തിന്റെ ആഫ്രിക്കൻ അപരനായ നൈൽപെർച്ചിനെ ഗൾഫ് രാജ്യങ്ങളിലെ ഉൾപ്പെടെ ചൂടൻ രുചിയരങ്ങുകളിലെത്തിച്ച് ഈ മലയാളികൾ സൃഷ്ടിച്ചത് അക്ഷരാർത്ഥത്തിൽ ഒരു വിജയ വിപ്ളവം തന്നെ.
ഗൾഫ് മേഖലയിൽ ബറാമുണ്ടിയെന്നു വിളിക്കുന്ന നൈൽപെർച്ച് കാഴ്ചയിൽ ഭീമനെങ്കിലും രുചിയിൽ കെങ്കേമൻ. അതുകൊണ്ട് ചട്ടിയിൽ ഏതു രൂപത്തിലെത്തിയാലും കൈവയ്ക്കാൻ സകല നാട്ടുകാരുമുണ്ടാകും. ജോലിതേടി പണ്ട് ഉഗാണ്ടയിലെത്തിയ മലയാളികളിൽ ചിലർ സ്വന്തമായി മത്സ്യ സംസ്കരണ ഫാക്ടറി തുടങ്ങിയതോടെയാണ് ഉഗാണ്ടയിലെ വിക്ടോറിയ തടാകത്തിലെ ഈ 'വരത്തൻ" മത്സ്യം ലോകവിപണിയിലേക്ക് ജൈത്രയാത്ര തുടങ്ങിയത്.
പതിറ്റാണ്ടുകൾക്കു മുമ്പ് വിക്ടോറിയ തടാകത്തിൽ ആരോ നിക്ഷേപിച്ച നൈൽപെർച്ചുകൾ അനുകൂല കാലാവസ്ഥയിൽ പെരുകുകയായിരുന്നു. പ്രജനനത്തിലും വലിപ്പത്തിലും രുചിയിലും കാളാഞ്ചിയെ കടത്തിവെട്ടും, ഈ ആഫ്രിക്കൻ വന്യതാരം. നെയ് മുറ്റിയ ആഫ്രിക്കൻ മുഷിയെന്ന കലക്കവെള്ളത്തിലെ ഉരുളൻ അരസികനെ പോലെയല്ല, ഈ നെടുവരിയൻ ശുദ്ധജല മത്സ്യം- അതീവ രുചികരം. വറുക്കാനും വറ്റിക്കാനും വാഴയിലയിൽ പൊള്ളിച്ചെടുക്കാനുമെല്ലാം മുന്നിൽ. ലോകരാജ്യങ്ങളുടെ തീൻമേശയിൽ നൈൽപെർച്ചിന് സ്വീകാര്യത കിട്ടിയതും അതുകൊണ്ടുതന്നെ.
പ്രാദേശിക മത്സ്യസമ്പത്തിന് നൈൽപെർച്ച് വലിയ ഭീഷണിയായെങ്കിലും രുചിയറിഞ്ഞതോടെ ആഫ്രിക്കക്കാരുടെ മനസു മാറി. ഉഗാണ്ടക്കാർക്കും ടാൻസാനിയക്കാർക്കും ഇവൻ അങ്ങനെ ഇഷ്ടമത്സ്യമായി. രുചിയും ഉറപ്പും ഉള്ളതിനാൽ നാടൻ മീൻ കറിയിലും ബിരിയാണിയിലുമെല്ലാം ഇവന്മാർ ഇടംപിടിച്ചു. ഉഗാണ്ട, ടാൻസാനിയ, കെനിയ എന്നീ രാജ്യങ്ങൾ തീരമായുള്ള വിക്ടോറിയ തടാകം, ലോകത്തിലെ ഏറ്റവും നീളംകൂടിയ നൈൽനദിയുടെ പ്രധാന ജലസംഭരണിയാണ്. ഈ രാജ്യങ്ങൾക്ക് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിക്കൊടുക്കുന്ന മത്സ്യമാണ് നൈൽ പെർച്ച്.
മീൻപിടിക്കാനെത്തി,
വ്യവസായികളായി
പതിറ്റാണ്ടുകൾക്കു മുമ്പ് ഇവിടെയെത്തിയ മലയാളികളിൽ പലരും മത്സ്യസംസ്കരണ മേഖലയിൽ സജീവമാകുകയായിരുന്നു. ചിലർ സംരംഭകരും മറ്റു ചിലർ ജോലിക്കാരുമായി. ആയിരത്തിലേറെ മലയാളികൾ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നു. മറ്റു സംരംഭങ്ങളിലേക്കു തിരിയാതെ അന്നും ഇന്നും ഈ രംഗത്ത് ഉറച്ചുനിൽക്കുന്ന ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശി സജു തങ്കപ്പന് ഉഗാണ്ടയിലെ എന്റബെ, ജിഞ്ച, അയൽരാജ്യമായ ടാൻസാനിയ, യു.എ.ഇയിലെ അജ്മാൻ എന്നിവിടങ്ങളിലും ഫാക്ടറികളുണ്ട്. നഷ്ടത്തിൽ മുങ്ങിയ സ്വപ്നങ്ങളെ വിക്ടോറിയൻ തടാകതീരത്ത് കുഴിച്ചുമൂടാതെ പിടിച്ചുനിന്നാണ് സജു ഈ വിജയം നേടിയത്.
കൊച്ചിയിലെ ഫിഷറീസ് സർവകലാശാലയായ കുഫോസിൽ നിന്ന് ബിരുദം നേടി, ചെന്നൈയിലെ ഒരു ഹാച്ചറിയിൽ ജോലിചെയ്യുമ്പോഴാണ് കുഫോസിൽ സീനിയേഴ്സായിരുന്ന സുഹൃത്തുക്കൾ സജുവിനെ ഉഗാണ്ടയിലേക്കു ക്ഷണിച്ചത്. 1998-ൽ ഒരു മത്സ്യ സംസ്കരണ ഫാക്ടറിയിൽ ജോലിക്കാരനായി അവിടെയെത്തി. രണ്ടുവർഷം തികയുംമുമ്പേ, ജോലിചെയ്തിരുന്ന ഫാക്ടറി കത്തിനശിച്ചതോടെ പരീക്ഷണഘട്ടത്തിന് തുടക്കമായി.പലരും നാട്ടിലേക്കു മടങ്ങിയെങ്കിലും പിടിച്ചുനിൽക്കാനായിരുന്നു തീരുമാനം. കണ്ടെത്തിയ സത്യമുള്ള ജീവിതതീരമായിരുന്നു അതെന്ന് കാലം തെളിയിച്ചു.
പഠിച്ചെടുത്ത വിദ്യയ്ക്ക് സകല സമ്പാദ്യവും ദക്ഷിണയായി നൽകിയാണ് സജു വിജയത്തിലേക്ക് വലയെറിഞ്ഞത്. ചെറിയ തോതിൽ മത്സ്യം സംസ്കരിച്ച് വിപണിയിലിറക്കി പിടിച്ചുനിൽക്കാൻ അവസാനശ്രമം നടത്തി. കൂട്ടിന് ആരുമുണ്ടായിരുന്നില്ല. പ്രതീക്ഷിച്ചതിലേറെ വരുമാനം കിട്ടിയതോടെ ആത്മവിശ്വാസംകൂടി. 15 ദിവസംകൊണ്ട് മുഴുവൻ ബാദ്ധ്യതയും തീർത്ത് പുതിയ ഫാക്ടറി തുറന്ന് ജൈത്രയാത്രയ്ക്ക് തുടക്കംകുറിച്ചു.
ലാഭം തരുന്ന
ഭാഗ്യമത്സ്യം
വിക്ടോറിയയുടെ 3450 കിലോമീറ്റർ തീരമാണ് ടാൻസാനിയ, ഉഗാണ്ട, കെനിയ എന്നിവിടങ്ങളിലുള്ളത്. ടാൻസാനിയയുടെ 51 ശതമാനവും ഈ തടാകതീരത്താണ്. ഉഗാണ്ട 43 ശതമാനവും കെനിയ ആറ് ശതമാനവും. ടാൻസാനിയയിലും കെനിയയിലും സങ്കാരയെന്നും ഉഗാണ്ടയിൽ ബുട്ട എന്നും അറിയപ്പെടുന്ന ആഫ്രിക്കൻ നൈൽപെർച്ച് വലിപ്പത്തിലും രുചിയിലും പോഷകഗുണത്തിലും മുൻനിരയിലാണ്. വെള്ള മാംസത്തിൽ ഒമേഗ- 3 ഫാറ്റി ആസിഡ് സമൃദ്ധം. കാളാഞ്ചിയിൽനിന്ന് വ്യത്യസ്തമായി വലിയതോതിൽ പെരുകുന്ന മത്സ്യമാണിത്. സാധാരണ വലയും ഗിൽനെറ്റും ഉപയോഗിച്ചാണ് മത്സ്യബന്ധനം. പിടിച്ച ഉടൻ തരംതിരിച്ച് സംസ്കരണകേന്ദ്രത്തിലേക്കു മാറ്റും.
ഈ രാജ്യങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങളുടെ വരുമാന മാർഗമാണിത്. വഞ്ചിയിൽ സകുടുംബം മത്സ്യബന്ധനത്തിനു പോകുന്നവരെ കാണാം. ബോട്ടുടമകളും തൊഴിലാളികളും ഉൾപ്പെടെ 1,64,000 പുരുഷന്മാരും 50,000 വനിതകളും മത്സ്യബന്ധന മേഖലയിലുള്ളതായാണ് കണക്ക്. ഈ തടാകത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന 20 ലക്ഷം പേരിൽ ആയിരക്കണക്കിനുണ്ട്, മലയാളികൾ! ഫാക്ടറികളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരിലും മലയാളികളാണ് മുന്നിൽ.
കേട്ടറിഞ്ഞതല്ല
ഉഗാണ്ട
ഉഗാണ്ടയിലെ ഏകാധിപതിയായിരുന്ന ഈദി അമീന്റെ ക്രൂരതകളെക്കുറിച്ച് കഥകളേറെയുണ്ടെങ്കിലും ഉഗാണ്ടക്കാർ സാധുക്കളാണെന്നാണ് മലയാളികളുടെ അനുഭവം. പുതിയ തലമുറയ്ക്ക് ഈദി അമീനെക്കുറിച്ച് കാര്യമായ അറിവുമില്ല. കാഴ്ചയിൽ പരുക്കന്മാരാണെങ്കിലും പൊതുവേ ശാന്തരാണ്. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ സംഘർഷം പതിവാണെങ്കിലും ഉഗാണ്ടയിലോ ടാൻസാനിയയിലോ പ്രശ്നങ്ങളില്ല. ഗോത്രവർഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇന്ത്യക്കാരെ ബാധിക്കാറുമില്ല. തൊഴിലിലെ സത്യസന്ധതയാണ് മറ്റൊരു പ്രത്യേകത. നിക്ഷേപകരായും കർഷകരായും ഒട്ടേറെ ഇന്ത്യക്കാർ രാജ്യത്തുണ്ടെങ്കിലും ആർക്കും ദുരനുഭവമില്ല.
ആഫ്രിക്കയിലെ
ആലപ്പുഴ ടേസ്റ്റ്
നാട്ടിൻപുറത്തിന്റെ നന്മകളാൽ സമൃദ്ധമായ ആഫ്രിക്കൻ ഗ്രാമങ്ങളിൽ കേരളീയ വിഭവങ്ങളോട് സാമ്യമുള്ളവയുമുണ്ട്. കപ്പ, കാച്ചിൽ, ചേന, ചേമ്പ്, കൂർക്ക, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ് തുടങ്ങിയവ ചേർന്ന മലയാളികളുടെ തിരുവാതിരപ്പുഴുക്കിന്റെ അപരൻ, പച്ച ഏത്തക്കായ ചേർത്ത കെനിയൻ ബീഫ് റോസ്റ്റ്, തേങ്ങാച്ചോറ്, പുഴുങ്ങിയ കാച്ചിൽ മര ഉരലിൽ ഇടിച്ചുണ്ടാക്കിയ ഉണ്ട, അരച്ച തേങ്ങയും മാങ്ങയും ചെമ്മീനും ചേർന്ന നാടൻ കറി....
ഇങ്ങനെയൊക്കെയാണെങ്കിലും എരിവിനോടും മസാലയോടും ഉഗാണ്ടക്കാർക്ക് വലിയ താത്പര്യമില്ല. മത്സ്യവും മാംസവും ഉപ്പുചേർത്ത് പുഴുങ്ങിയോ ചുട്ടോ കഴിക്കുന്നതാണ് ഇഷ്ടം. മത്സ്യത്തിന്റെയും മാംസത്തിന്റെയും തനത് രുചി നഷ്ടമാകരുതെന്ന് നിർബന്ധമുണ്ട്. ഇവയിൽ തക്കാളി ചേർക്കുന്നതാണ് ഏക ആർഭാടം. നൈൽപെർച്ചിനു പുറമേ ചെമ്മീനും കോഴിയും ആടും പന്നിയും കാളയുമെല്ലാം മേയുന്ന വിഭവങ്ങളാണ് ഏറെയെങ്കിലും പച്ചക്കറിപ്പെരുമയുള്ള രുചിക്കൂട്ടുകളും കുറവല്ല.
മസായി ഗോത്രക്കാരെപ്പോലെ വേട്ടയാടുകയോ, പശുവിന്റെ കഴുത്തിലെ ഞരമ്പിൽ നേർത്ത കുന്തംകൊണ്ട് ചെറിയ മുറിവുണ്ടാക്കി രക്തം കുടിക്കുകയോ ചെയ്യുന്നില്ല. ശുചിത്വം, ആരോഗ്യം, രുചി തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നതാണ് മറ്റൊരു പ്രത്യേകത.വിശാല പുൽമേടുകളും ശുദ്ധജലാശയങ്ങളുമുള്ള ആഫ്രിക്കയിൽ ആടുമാടുകൾ, കോഴി, കാട, താറാവ് എന്നിവയെ സ്വാഭാവിക രീതിയിലാണ് വളർത്തുന്നത്