കൊച്ചി: ആയിരക്കണക്കിനാളുകളും വാഹനങ്ങളും കടന്നുപോകുന്ന കുണ്ടന്നൂർ - തേവര പാലത്തിലെ അറ്റകുറ്റപ്പണി സമീപകാലത്തെങ്ങും ഇവിടത്തുകാർ കണ്ടിട്ടില്ലാത്ത പ്രഹസനമായി മാറി. രണ്ടുദിവസം പാലം പൂർണമായും അടച്ചിട്ട് ജനങ്ങളയാകെ ബുദ്ധിമുട്ടിച്ചായിരുന്നു ഈ പാഴ്‌വേല. 200ലേറെ കുഴികൾ രൂപപ്പെട്ട് തകർന്ന് തരിപ്പണമായ പാലത്തിലെ അറ്റകുറ്റപ്പണി നടത്തണമെന്നത് നാളുകളായുള്ള ആവശ്യമായിരുന്നു. ഒടുവിൽ സമരങ്ങളുടെയും ശക്തമായ പ്രതിഷേധങ്ങളുടെയും ഫലമായാണ് എൻ.എച്ച്.എ.ഐ (നാഷണൽ ഹൈവേയ്സ് അതോറിറ്റി ഒഫ് ഇന്ത്യ)പാലത്തിലെ ടാറിംഗ് അറ്റകുറ്റപ്പണി നടത്താമെന്ന് തീരുമാനിച്ചത്. കൂടുതൽ ഉറപ്പുള്ള സ്റ്റോൺ മാസ്റ്റിക് അസാൾട്ട് ടാറിംഗിലൂടെ പ്രശ്‌നപരിഹാരമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. ഈ അറ്റകുറ്റപ്പണി ജനങ്ങളെ കബളിപ്പിക്കുന്നതായിരുന്നു. കുഴികളെല്ലാം പൂർണമായി അടച്ചെന്നായിരുന്നു അധികൃതരുടെ അവകാശവാദം. വാഹനങ്ങൾ ഇപ്പോഴും ചാടിച്ചാടി പോകുന്ന അവസ്ഥ. ആർക്കോവേണ്ടി... ആരെയൊക്കെയോ ബോദ്ധ്യപ്പെടുത്താൻ ചെയ്തതെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് പണികൾ. ഒരൊറ്റ മഴയിൽ ഇപ്പോൾ ചെയ്ത പാഴ്‌വേല പഴയപടിയാകുമെന്നുറപ്പാണ്.
എൻ.എച്ച്.എ.ഐയുടെ പണി
* രണ്ടുതവണ നിശ്ചയിച്ച പണികൾ കനത്ത മഴയെത്തുടർന്ന് മാറ്റിവച്ച ശേഷമാണ് കഴിഞ്ഞദിവസങ്ങളിൽ ചെയ്തത്
* ഇടത്തരം മെറ്റലിറ്റ് മുകളിൽ ടാറൊഴിച്ച് അതിനു മുകളിൽ ലോഡ് കണക്കിന് പാറപ്പൊടി വിതറുകയായിരുന്നു
* ഒരിഞ്ചിനുപോലും അറ്റകുറ്റപ്പണി നടത്താത്ത കുഴികൾ ഇനിയുമേറെയുണ്ട് ഇവിടെ
* റോഡാകെ പൊടിമയം
കുഴികളിൽനിന്ന് കോരിയെടുത്ത മണ്ണ് പാലത്തിന്റെ ഇരുവശങ്ങളിലെയും നടപ്പാതകളിലാണ് ഇട്ടിരിക്കുന്നത്. കാറ്റടിക്കുമ്പോൾ ഈ പൊടിയും ടാറിംഗിനു മുകളിലെ പൊടിയുംകൂടെ പറന്നുപൊങ്ങും. കണ്ണും മൂക്കും പൊത്താതെ ഇതിലെ നടക്കാൻ പോലുമാകാത്ത അവസ്ഥയാണ്.
* ആക്ഷേപങ്ങൾ പരിശോധിക്കാൻ മന്ത്രിയുടെ നിർദ്ദേശം
കുണ്ടന്നൂർ- തേവര മേൽപ്പാലം അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പരക്കെ ഉയർന്നുവന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകി. അറ്റകുറ്റ പണിയിൽ അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നിർദ്ദേശം. ശരിയായ രീതിയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാനും മന്ത്രി നിർദ്ദേശം നൽകി. മഴ പൂർത്തിയാകുന്നതോടെ ഓവർലേ പ്രവൃത്തികൾ ക്രമീകരിക്കാനും നിർദ്ദേശമുണ്ട്.
ആർക്കുവേണ്ടിയാണ് ഇത്തരത്തിലുള്ള പ്രഹസനം. എത്രയുംവേഗം ഉന്നത നിലവാരത്തിൽ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
ആന്റണി ആശാൻപറമ്പിൽ
ചെയർമാൻ
മരട് നഗരസഭ