പെരുമ്പാവൂർ: ജില്ലയിലെ പല താലൂക്ക് ആശുപത്രികളും വികസനത്തിന്റെ പടികൾ കയറുമ്പോൾ തകർച്ചയുടെ ആഴങ്ങളിലേക്ക് വീഴുകയാണ് പെരുമ്പാവൂർ താലൂക്ക് ആശുപത്രി. ഡോക്ടർമാരുടെ കുറവും സൗകര്യങ്ങളുടെ അഭാവവുമാണ് ഈ ആശുപത്രിയെ നാശത്തിലേക്ക് നയിക്കുന്നത്. 20 ഡോക്ടർമാരിൽ ആർ.എം.ഒ, ശിശുരോഗ വിദഗ്ധൻ, സർജൻ അടക്കം 5 ഡോക്ടർമാർ നിലവിൽ ഇല്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെയും വൈകിട്ടുമായി എഴുന്നൂറോളം പേരും മറ്റ് ദിവസങ്ങളിൽ അഞ്ഞൂറോളം പേരും ഒ.പിയിൽ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിയാണ് ഇത്.
216 ബെഡുകളിൽ 190 കാലിയാണ്. പല വാർഡുകളിലും ബെഡുകളും കട്ടിലുകളും കൂട്ടിയിട്ടിരിക്കുന്നു. പ്രസവ വാർഡിൽ താഴത്തെ നിലയിലെ 10 ബെഡുകളിൽ രണ്ടിൽ മാത്രമാണ് ആളുള്ളത്. കിടത്തി ചികിത്സയ്ക്കായി എത്തുന്ന ഭൂരിപക്ഷം രോഗികളെയും കളമശേരി മെഡിക്കൽ കോളേജിലേക്കും എറണാകുളം ജനറൽ ആശുപത്രിയിലേക്കും പെരുമ്പാവൂരിലെ മറ്റ് ആശുപത്രികളിലേക്കും പറഞ്ഞുവിടുകയാണ് പതിവ്.
കരാറുകാരന് പണം ലഭിക്കാത്തതിനാൽ ആശുപത്രിക്കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളാകട്ടെ ആറുമാസക്കാലമായി നിലച്ചിരിക്കുന്നു. മുനിസിപ്പൽ ചെയർമാൻ അടക്കമുള്ള ജനപ്രതിനിധികളും ആശുപത്രിയുടെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തമാണ്.
സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ പെരുമ്പാവൂരിലെ ഈ പ്രധാന ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഒരു വർഷം മുമ്പ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി അന്വേഷണം നടത്തി പ്രശ്നങ്ങളെല്ലാം പരിഹരിക്കാം എന്ന് ഉറപ്പു നൽകിയെങ്കിലും അതും പാഴായി.
കൂടുതൽ ഡോക്ടർമാർ വേണം, സൗകര്യങ്ങളും
ആശുപത്രിയുടെ ദുരവസ്ഥയ്ക്ക് പ്രധാന കാരണം ഡോക്ടർമാരുടെ അഭാവം രോഗ നിർണയത്തിന് അത്യാധുനിക സംവിധാനങ്ങളും ആവശ്യം കിടത്തി ചികിത്സയ്ക്ക് കൂടുതൽ കട്ടിലുകളും ബെഡുകളും ഒരുക്കണം കെട്ടിടങ്ങൾ പുതുക്കണം, ചോർച്ച ഇല്ലാതാക്കണം ഒ.പിയിലെത്തുന്ന രോഗികൾക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കണം
രണ്ട് വർഷത്തോളമായി പ്രവർത്തിപ്പിക്കാത്ത ആൾട്രാ സൗണ്ട് സ്കാൻ മെഷീന്റെ ലൈസൻസ് കാലവധിയും അവസാനിച്ചു 24 മണിക്കൂറുണ്ടായിരുന്ന ലാബിന്റെ പ്രവർത്തനം 8 മണിക്കൂറാക്കി ചുരുക്കി ആവശ്യത്തിന് മരുന്നുണ്ടെന്ന് പറയുമ്പോഴും മരുന്ന് സൂക്ഷിക്കുന്ന കെട്ടിടം ചോർന്നൊലിക്കുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരിക്കുന്നു
പ്രശ്നങ്ങൾ പരിഹരിക്കാം എന്ന ആരോഗ്യമന്ത്രിയുടെ ഒരു വർഷത്തെ ഉറപ്പിന് ശേഷവും ആശുപത്രിയുടെ ദുരവസ്ഥ പിന്നേയും വർദ്ധിക്കുകയാണ്. നടപടികളുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും
പി. അനിൽകുമാർ
പ്രസിഡന്റ്
ദേവച്ചൻ പടയാട്ടിൽ
ബിജെപി
പെരുമ്പാവൂർ മണ്ഡലം