gold

കൊച്ചി: ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കാനുള്ള ബഡ്‌ജറ്റ് തീരുമാനം സ്വർണ കള്ളക്കടത്ത് അവസാനിപ്പിച്ചേക്കും. ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും ആറ് ശതമാനമായാണ് കുറച്ചത്. ഇതോടെ സ്വർണ വിലയിൽ പവന് 4,000 രൂപയ്ക്കടുത്ത് കുറവ് വരുമെന്നാണ് വിലയിരുത്തുന്നത്. ഉയർന്ന കസ്‌റ്റംസ് തീരുവയാണ് സ്വർണ കള്ളക്കടത്ത് കഴിഞ്ഞ വർഷങ്ങളിൽ കുത്തനെ കൂടാൻ ഇടയാക്കിയത്. പുതിയ സാഹചര്യത്തിൽ സാഹസികതയോടെ സ്വർണം കള്ളക്കടത്ത് നടത്തുന്നതിൽ ലാഭമില്ലാതാകുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് ധീരമായ നടപടിയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. സ്വർണ വ്യാപാരികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ഭീഷണിയായ സ്വർണം കള്ളക്കടത്ത് ഇതോടെ ഗണ്യമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. നികുതി കുറഞ്ഞതോടെ കള്ളക്കടത്ത് ആകർഷകമല്ലാതായി. ഇന്നത്തെ നിരക്കിൽ ഒരു കിലോ സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 9.82 ലക്ഷം രൂപ ഡ്യൂട്ടി അടക്കണം. ബഡ്‌ജറ്റ് പ്രഖ്യാപനത്തോടെ നികുതി 3.93 ലക്ഷം രൂപയായി കുറഞ്ഞു.
കള്ളക്കടത്തിന്റെ ഭാഗമായി വളരുന്ന മാഫിയ ശ്രംഖല തകർക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് എം. പി അഹമ്മദ് പറഞ്ഞു.

കച്ചവടം കൂടും

ഇറക്കുമതി ചെലവ് കുറയുന്നതോടെ ആഭ്യന്തര ജുവലറി മേഖല മികച്ച വളർച്ച നേടും. ജി.എസ്.ടി, ഇൻകം ടാക്‌സ് ഇനത്തിൽ കൂടുതൽ വരുമാനം ലഭിക്കും.സ്വർണാഭരണങ്ങളുടെ വില കുത്തനെ കുറഞ്ഞതോടെ ആഭ്യന്തര ഉപഭോഗം കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വില ഇനിയും ഉയർന്നേക്കും

ലോകത്തിലെ പ്രധാന സ്വർണ വിപണിയായ ഇന്ത്യയിലെ ആഭരണ മേഖലയിലെ ഉണർവ് വില വീണ്ടും കൂടാൻ ഇടയാക്കും. സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും സ്വർണത്തിന് അനുകൂല സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്.