നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി,കോഴിക്കോട് (എൻ.ഐ.ടി,കോഴിക്കോട്) 2024-25 വർഷത്തിൽ ആരംഭിക്കുന്ന എം.ടെക് ഇൻ ബയോ എൻജിനിയറിംഗ് പ്രോഗ്രാമിന്റെ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 5ന്. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഒഫ് നോർത്ത് ടെക്‌സസിലെ ബയോമെഡിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്‌മെന്റുമായി ചേർന്നുള്ള ബിരുദാനന്തര പ്രോഗ്രാമാണിത്. എൻ.ഐ.ടിയിലെ ഡിപ്പാർട്‌മെന്റ് ഒഫ് ബയോ സയൻസ് ആൻഡ് എൻജിനിയറിംഗാണ് കോഴ്‌സ് ഓഫർ ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് ഒരുവർഷം എൻ.ഐ.ടി കോഴിക്കോടും,രണ്ടാം വർഷം യൂണിവേഴ്‌സിറ്റി ഒഫ് നോർത്ത് ടെക്‌സസിലും പഠിക്കാം. അമേരിക്കയിലെ പഠനത്തോടൊപ്പം ഗവേഷണ തീസിസ് സമർപ്പിക്കുന്നവർക്ക് എം.എസ് ബിരുദാനന്തര ബിരുദത്തിന് അർഹത നേടാം.
നാലു വർഷ ബി.ടെക് ഇൻ ബയോടെക്‌നോളജി,ബയോ എൻജിനിയറിംഗ്,ബയോഇൻഫോർമാറ്റിക്‌സ്,മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇലക്ട്രോണിക്‌സ്,ഫാർമസി,എം.ബി.ബി.എസ്/ലൈഫ് സയൻസ്,ഫിസിക്‌സ്,കെമിസ്ട്രി എന്നിവയിൽ ബിരുദാനന്തര ബിരുദം/കാർഷിക,ഫോറസ്ട്രി,വെറ്ററിനറി,ഫിഷറീസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. ഒ.ബി.സി,എസ്.സി,എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 55 ശതമാനം മാർക്കും.
യൂണിവേഴ്‌സിറ്റി ഒഫ് നോർത്ത് ടെക്‌സസിൽ പഠിക്കാൻ ആദ്യ വർഷത്തിൽ എം.ടെക്കിന് 7 CGPA നേടണം. 10000 അമേരിക്കൻ ഡോളറാണ് അമേരിക്കയിലെ വാർഷിക ട്യൂഷൻ ഫീസ്. മൊത്തം 15 സീറ്റുകളുണ്ട്. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് www.nitc.ac.in/admissions-pg,7034011575.