കൊച്ചി: സർക്കാർ ഓഫീസുകളിലെ ജീവനക്കാരികൾക്ക് നേരെ സഹപ്രവർത്തകരിൽ നിന്നുള്ള അതിക്രമക്കേസുകളിൽ തുടർ നടപടികൾക്ക് അതിവേഗം. വിവിധ ഓഫീസുകളിലെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റികളിലായി (ഐ.സി.സി) മൂന്ന് വർഷത്തിനിടെ ലഭിച്ചത് 126 പരാതികൾ. ഇതിൽ 100 ലും നടപടി പൂർത്തിയായി. 26 നടപടികൾ പുരോഗമിക്കുന്നു.
ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്- 31 . ഇതിൽ 27ലും നടപടിയെടുത്തു. എറണാകുളമാണ് തൊട്ടുപിന്നിൽ. 15 പരാതികളിൽ 5 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. മൂന്നാമതുള്ള തൃശൂരിൽ ഒരു പരാതി മാത്രമാണ് ബാക്കിയുള്ളത്. 14ൽ പതിമൂന്നിലും നടപടിയുണ്ടായി. പട്ടികയിൽ ഏറ്റവും പിന്നിലുള്ള വയനാട്ടിൽ ഒരു പരാതി മാത്രമേയുള്ളൂ. ഇതിലും നടപടി കഴിഞ്ഞു.
പോഷ് പോർട്ടൽ
സർക്കാരിന് മുന്നിലെത്തിയ പരാതികളിൽ ബഹുഭൂരിഭാഗവും പോഷ് പോർട്ടൽ മുഖേനെ ലഭിച്ചതാണ്. സ്ത്രീകൾക്ക് നേരേയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും സുരക്ഷിതത്വത്തോടെ ജോലി ചെയുന്നതിനുള്ള അന്തരീക്ഷമൊരുക്കുന്നതിനും 2013ലാണ് പോഷ് ആക്ട് പ്രകാരം പോർട്ടർ പുറത്തിറക്കിയത്.
പരാതി പാരയായി
2022 മേയിൽ പാലക്കാട് ലോക്കൽ കംപ്ലയിന്റ്‌സ് കമ്മിറ്റിയിൽ ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരി തന്നെ കുടുങ്ങി. ഹിയറിംഗുകൾക്ക് ശേഷം പരാതി കെട്ടിചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. എതിർകക്ഷി പരാതിക്കാരിക്ക് നൽകിയ 10,000രൂപ തിരികെ നൽകാനായിരുന്നു തീർപ്പ്.
ജില്ല - ശേഷിക്കുന്ന പരാതി
• തിരുവനന്തപുരം - 4
• കൊല്ലം - 4
• പത്തനംതിട്ട - 0
• ആലപ്പുഴ - 1
• ഇടുക്കി -4
• കോട്ടയം - 1
• എറണാകുളം -5
• തൃശൂർ -1
• പാലക്കാട് - 0
• മലപ്പുറം -4
• വയനാട് - 0
• കോഴിക്കോട് -1
• കണ്ണൂർ -1
• കാസർകോട് -0
സ്വീകരിച്ച നടപടികൾ
വകുപ്പ് തല നടപടികൾ
അച്ചടക്ക നടപടികൾ
പരാതി പിൻവലിച്ചു
ഒത്തുതീർപ്പിൽ എത്തി
ആരോപണ വിധേയനെ സ്ഥലംമാറ്റി
ജോലിചെയ്യാൻ ഭൗതിക സാഹചര്യം ഉറപ്പാക്കി
പൊലീസിന് കൈമാറി