വൈപ്പിൻ: നെൽപ്പാടത്തിനും പൊയിലിനും നടുവിലൂടെ ചെറായി രക്തേശ്വരി ബീച്ചിലേക്ക് പോകുന്നതിനിടെയുള്ള വിശ്രമ കേന്ദ്രം രണ്ടു വർഷത്തിലേറെയായി തകർന്നു കിടക്കുന്നു. കാൽനടയാത്രക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും കാറ്റിലും മഴയിലും ഇടിമിന്നലിലും കയറിനിൽക്കാനുള്ള ഏക അത്താണിയാണ് ഈ വിശ്രമകേന്ദ്രം. ഇപ്പോൾ അവശേഷിക്കുന്ന മേൽക്കൂരയിൽ ഉള്ള ഷീറ്റുകൾ പറന്ന് യാത്രക്കാരുടെ മേൽ വീണ് അപകടം ഉണ്ടാകാനും സാദ്ധ്യതയും ഏറെയാണ്.
വിശ്രമ കേന്ദ്രം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് താൻ ഒരു വർഷം മുമ്പ് സമരം നടത്തിയപ്പോൾ അന്ന് ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേർന്ന് പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പ് നൽകിയിരുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽ കുമാർ പറഞ്ഞു. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ഒരു നടപടിയും ഇവർ കൈക്കൊണ്ടിട്ടില്ല. എം. എൽ.എ യോട് പരാതി പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. വിശ്രമ കേന്ദ്രം പുനർ നിർമ്മിക്കാൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിശ്രമ കേന്ദ്രം നിർമ്മിച്ചത് എറണാകുളം ജില്ലാ പഞ്ചായത്താണ്. ഇത് പുനർനിർമ്മിക്കേണ്ടതിന്റെ ചുമതല ജില്ലാ പഞ്ചായത്തിനാണ്
എ.എൻ. ഉണ്ണിക്കൃഷ്ണൻ
വൈസ് പ്രസിഡന്റ്
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്