student

കൊച്ചി: വിദ്യാർത്ഥികൾ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കും വിദേശ വിദ്യാഭ്യാസത്തിനും പറക്കുന്നതോടെ ഡിഗ്രി പഠനത്തിനാളില്ല. വിവിധ സർവകലാശാലകളിലും കോളേജുകളിലും അലോട്ട്‌മെന്റ് പൂർത്തിയായിട്ടും സീറ്റുകളിലേറെയും ഒഴിഞ്ഞുകിടക്കുന്നു. എം.ജി, കാലടി സംസ്‌കൃത സർവകലാശാലകളിൽ മാദ്ധ്യമങ്ങളിലൂടെയും മറ്റും പരസ്യം നൽകി കുട്ടികളെ എത്തിക്കേണ്ട അവസ്ഥയാണ്.

തൊഴിൽ സാദ്ധ്യത കുറഞ്ഞ പരമ്പരാഗത കോഴ്‌സുകളോട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും താത്പര്യം കുറഞ്ഞെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. പ്ലസ് ടു കഴിയുമ്പോൾ തന്നെ കുട്ടികൾ വിദേശ കോഴ്‌സുകളുടെ സാദ്ധ്യതകളാണ് തേടുന്നത്. സർവകലാശാലകളിൽ പുതിയ കോഴ്‌സുകൾ തുടങ്ങാത്തതും വെല്ലുവിളിയാണ്.

നാല് വർഷ

കോഴ്‌സും വെല്ലുവിളി

ബിരുദ പഠനം നാല് വർഷമാക്കിയതും വിദ്യാർത്ഥികളുടെ താത്പര്യം കുറച്ചെന്ന് അദ്ധ്യാപകർ സമ്മതിക്കുന്നു. മൂന്ന് വർഷത്തിനു ശേഷം അവസാനിപ്പിക്കാമെങ്കിലും ഏറെപ്പേർക്കും ഇക്കാര്യത്തിൽ ധാരണയില്ല. കുറഞ്ഞ സമയം കൊണ്ട് ഏതെങ്കിലും കോഴ്‌സ് പൂർത്തീകരിച്ച് ജോലി നേടാനാണ് വിദ്യാർത്ഥികൾക്ക് താത്പര്യം. 2019 മുതലാണ് വിദേശത്തേക്കുള്ള ഒഴുക്ക് കൂടിയത്. 2,50,000 മലയാളി വിദ്യാർത്ഥികൾ വിദേശത്തുണ്ട്. പലർക്കും വിദേശത്ത് എത്താനുള്ള എളുപ്പവഴികൂടിയാണിത്.

ജില്ലയിലെ എം.ജി സർവകലാശാലാ കോളേജുകൾ

ഗവൺമെന്റ്- 5
എയ്ഡഡ്- 18
അൺ എയ്ഡഡ്- 68
ഓട്ടോണമസ്- 6
ആകെ - 97


കുട്ടികൾക്ക് വേണ്ടത് പെട്ടെന്നുള്ള ജോലിയാണ്. അതിന് അവർ കണ്ടെത്തുന്ന ആദ്യ വഴി ബിരുദപഠനം ഒഴിവാക്കുകയെന്നതാണ്.
പ്രൊഫ. സാബു.ഡി. മാത്യു
മുൻ അസോ. പ്രൊഫസർ
മലയാള വിഭാഗം
സെന്റ്. തോമസ് കോളേജ് പാല


1990കളിലെ സ്ഥിതി അല്ല ഇന്നുള്ളത്.ചെറിയ ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമേ നാട്ടിലെ ബിരുദം കൊണ്ട് പ്രായോഗികമായ ഗുണം ഉണ്ടാകുന്നുള്ളുവെന്ന് വിദ്യാർത്ഥികൾ മനസിലാക്കിത്തുടങ്ങിയിട്ടുണ്ട്.

കോളേജുകളിൽ (എൻജിനീയറിംഗ്, ആർട്‌സ്, സയൻസ്) എത്തുന്നവരുടെ എണ്ണം വർഷാവർഷം കുറഞ്ഞുവരും.

(മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്)​