അങ്കമാലി: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കോക്കുന്ന് - പുല്ലാനി - മഞ്ഞപ്ര വരെയുള്ള 7 കിലോമീറ്റർ റോഡിന്റെ നിർമ്മാണം അവസാനമാകാതെ ഇഴയുന്നു. നിർമ്മാണം ആരംഭിച്ചിട്ട് നാലു വർഷം കഴിഞ്ഞപ്പോൾ 2 കിലോമീറ്റർ ദൂരം മാത്രമാണ് പൂർത്തിയായത്. മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്നിൽ നിന്ന് നിർമ്മാണമാരംഭിച്ച് തുറവുർ പഞ്ചായത്തിലെ വാതക്കാട് പള്ളി വരെ നിർമ്മാണം പൂർത്തിയാക്കിയിട്ട് മൂന്നു വർഷം പിന്നിട്ടിട്ടും പുല്ലാനി മുതൽ മഞ്ഞപ്ര വരെ നിർമ്മാണം നടത്താൻ കരാറുകാരൻ തയ്യാറായിട്ടില്ല. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബഡപ്പെട്ട ഭരണാധികാരികൾക്ക് പരാതി നൽകുകയും നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടും അധികാരികൾ തിരിഞ്ഞു നോക്കിയില്ലന്നാണ് നാട്ടുകാർ പറയുന്നത്. നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടി പി.എം.ജി.എസ്.വൈ അധികൃതരും എടുക്കുന്നില്ല. നിലവിലുള്ള കരാറുകാരനോട് പലവട്ടം ആവശ്യപ്പെട്ടിട്ടും നിർമ്മാണം പുനരാരംഭിക്കാൻ തയ്യാറായിട്ടില്ല. കരാറുകാരനെ നീക്കം ചെയ്ത് പുതിയ ടെൻഡർ നൽകാനുള്ള നടപടി അടിയന്തിരമായി കൈക്കൊള്ളുമെന്ന് പി.എം ജി.എസ്.വൈയുടെ നിർമ്മാണച്ചുമതലയുള്ള എറണാകുളം ഓഫീസിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
റോഡിന്റെ പദ്ധതി ചെലവ് 3 കോടി രൂപ
ജലനിധി പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ നിക്ഷേപിച്ചതോടെ റോഡ് കുളമായി റോഡിന്റെ ഭൂരിഭാഗം സ്ഥലത്തും ടാറിംഗ് പൊളിഞ്ഞ് മൺപാതയായി മാറി ഗർത്തങ്ങൾ രൂപപ്പെട്ടതോടെ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായി കാലവർഷം കനത്തതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിനഭിമുഖമായി നില്ക്കുന്ന വീടുകളിലേക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവായി
കടുത്ത വേനലിൽ പൊടിപടലത്തിലും കാലവർഷം കനത്തതോടെ വെളളക്കെട്ടിലും തുറവുർ പുല്ലാനിയിൽ ജനജീവിതം ദുസഹമായിട്ടും റോഡ് നിർമ്മാണ വിഷയത്തിൽ അധികൃതരും എം.പിയും തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിൽ ജനങ്ങളെ സംഘടിപ്പിച്ച് പി.എം.ജി.എസ്.വൈ ഓഫീസിലേക്കും ചാലക്കുടി എം.പി.യുടെ അങ്കമാലിയിലെ ഓഫീസിലേക്കും മാർച്ച് നടത്തും
കെ.പി. രാജൻ
ലോക്കൽ സെക്രട്ടറി
സിപിഎം