mvpa

മൂവാറ്റുപുഴ: ഒന്നര പതിറ്റാണ്ടിലേറെയായി ഗതാഗത കുരുക്ക് പേറുന്ന മൂവാറ്റുപുഴ നിവാസികൾ നഗര വികസന ജനകീയ സമര സമിതിക്ക് ഒപ്പം ചേർന്ന് തെരുവിലിറങ്ങിയതോടെ സമര സ്ഥലത്ത് കുതിച്ചെത്തി ഭരണ - പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ. സ്തംഭനാവസ്ഥയിലായ നഗര റോഡ് വികസനം സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സമിതി ആഹ്വാനം ചെയ്ത ഒപ്പു ശേഖരണത്തിൽ പങ്കാളികളാകാനാണ് രാഷ്ട്രീയ നേതൃനിര കൂട്ടമായി എത്തിയത്. വികസന മുരടിപ്പ് ചൂണ്ടികാട്ടി പരസ്പരം ചെളിവാരി എറിഞ്ഞിരുന്നവർ ജനം രാഷ്ട്രീയത്തിന് അതീതമായി സംഘടിച്ചതോടെയാണ് തങ്ങളും ഒപ്പമുണ്ടെന്ന് വരുത്താൻ തിരക്ക് കൂട്ടിയത്. എം.എൽ.എ, നഗരസഭ ചെയർമാൻ, മുൻ എം.എൽ.എമാർ, നഗരസഭ കൗൺസിലർമാർ, ഭരണ - പ്രതിപക്ഷ നേതാക്കൾ തുടങ്ങി നിരവധിപേരാണ് എത്തിയത്. ഇവർ ഒറ്റക്കെട്ടായി വിഷയത്തിൽ ഇടപെട്ടിരുന്നെങ്കിൽ പ്രശ്ന പരിഹാരം എന്നേ ഉണ്ടാകുമായിരുന്നുവെന്നാണ് ജനത്തിന്റെ പ്രതികരണം.

ആദ്യ മണിക്കൂറിൽ ഒപ്പിട്ടത് 2000 പേർ

നഗര വികസനം അടിയന്തിരമായി പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമ ഹർജി സമർപ്പിക്കുന്നതിനായി സമിതി ആരംഭിച്ച ഒപ്പ് ശേഖരണത്തിൽ ആദ്യ മണിക്കൂറിൽ മാത്രം പങ്കാളികളായത് രണ്ടായിരത്തോളം പേർ. വിവിധ മേഖലകളിൽ നിന്നുള്ള പത്ത് പ്രതിനിധികൾ ഒരേ സമയം ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം നിർവഹിച്ചു. നഗരത്തിലെ അറുപത്തിയെട്ടോളം സംഘടനകളുടെ ഭാരവാഹികൾ, വിവിധ റസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ, ബസ് - ആംബുലൻസ് - ഓട്ടോ ഡ്രൈവർമാർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ, വ്യാപാരികൾ എന്നിങ്ങനെ നാനാ തുറകളിൽ നിന്നുള്ള വൻ ജന പങ്കാളിത്തമാണ് ഉണ്ടായത്. നഗരസഭ കവാടത്തിന് സമീപമുള്ള ഗാന്ധി സ്മാരകത്തിന് മുന്നിലായിരുന്നു ഒപ്പ് ശേഖരണം. നഗരവികസന ജനകീയ സമിതി ഭാരവാഹികളായ അജ്മൽ ചക്കുങ്ങൽ, എസ്. മോഹൻദാസ്, പ്രമോദ്കുമാർ മംഗലത്ത്, സുർജിത് എസ്തോസ് എന്നിവർ നേതൃത്വം നൽകി. മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷം ഒപ്പുകൾ സമാഹരിക്കലാണ് ലക്ഷ്യം. ഓൺലൈൻ ഒപ്പു ശേഖരണത്തിന് ഇന്ന് തുടക്കമാകും.