കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ചുള്ള മലിനീകരണവിരുദ്ധ സംയുക്തസമിതി റിപ്പോർട്ട് ഫിഷറീസ് മന്ത്രി സജി ചെറിയാന് ജനറൽ കൺവീനർ ചാൾസ് ജോർജ് സമർപ്പിച്ചു. റിപ്പോർട്ടിന്റെ പ്രകാശനം 27ന് രാവിലെ വരാപ്പുഴ കമ്മ്യൂണിറ്റി ഹാളിൽ മുൻമന്ത്രി എസ്. ശർമ്മ നിർവഹിക്കും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റുമാർ, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ, മത്സ്യമേഖലയിലെ വിദഗ്ദ്ധർ എന്നിവർ പങ്കെടുക്കും.
മത്സ്യക്കുരുതിയുടെ കാരണങ്ങൾ, നദീസംരക്ഷണത്തിന് ചേയ്യേണ്ട കാര്യങ്ങൾ, മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കുമുണ്ടായ നഷ്ടം എന്നിവയെക്കുറിച്ചാണ് സമിതി പഠിച്ചത്. മത്സ്യകർഷകർക്ക് 31.25 കോടിയുടെയും മത്സ്യത്തൊഴിലാളികൾക്ക് 10.6 കോടിയുടെയും നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. നഷ്ടപരിഹാരമായി അനുവദിച്ച 13.55 കോടി രൂപപോലും വിതരണം ചെയ്തില്ല. രാസമാലിന്യമാണ് ദുരന്തത്തിന് കാരണമെന്നും ചൂണ്ടിക്കാട്ടി.
കുഫോസ് പ്രഥമ വി.സി ഡോ. ബി. മധുസൂദനക്കുറുപ്പ് ചെയർമാനായ സമിതിയിൽ സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുനിൽ മുഹമ്മദ്, കുഫോസ് ഡീൻ ഡോ.എസ്. സുരേഷ്‌കുമാർ, കുസാറ്റ് ഡയറക്ടറായിരുന്ന ഡോ. എം. ഹരികൃഷ്ണൻ, അസി.പ്രൊഫ. എ.വി. ഷിബു, പുരുഷൻ ഏലൂർ എന്നിവർ അംഗങ്ങളാണ്.