മൂവാറ്റുപുഴ: വാതിൽ അടഞ്ഞ് ഫ്ലാറ്റിലെ മുറിയിൽ കുടുങ്ങിയ രണ്ടര വയസുകാരന് അഗ്നിരക്ഷസേന രക്ഷകരായി . കിഴക്കേക്കര പേൾ അപ്പാർട്ട്മെന്റിലെ ബി. മൂന്നാം നമ്പർ മുറിയിലാണ് കുഞ്ഞ് കുടുങ്ങിയത്. മരുതുംമൂട്ടിൽ സലാമിന്റെ മകൻ മെഹർസിംഗ് അകത്ത് കയറിയ ശേഷം അബദ്ധത്തിൽ മുറിയുടെ വാതിൽ അടക്കുകയായിരുന്നു. ഇതോടെ മുറി ഉള്ളിൽ നിന്ന് ലോക്കായി. ഈ സമയം കുട്ടിയുടെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ബഹളം വച്ചതോടെ സമീപവാസികൾ എത്തി അഗ്നിരക്ഷസേനയെ വിവരം അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി. ബിജുമോന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലോക്ക് അഴിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.