മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് ജനകീയ സമിതി സംഘടിപ്പിച്ച പരിപാടിയിൽ മാത്യു കുഴൽനാടൻ എം.എൽ.എ പങ്കെടുത്തത് വികസന പ്രവർത്തനങ്ങളിൽ തനിക്കുണ്ടായ വീഴ്ചകളിലെ ജാള്യത മറയ്ക്കാനാണെന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എൻ. അരുൺ കുറ്റപ്പെടുത്തി. മണ്ഡലത്തിന്റെ വികസനത്തിന് എം.എൽ.എ. മുൻകൈ എടുത്ത് ഒന്നും നടത്തിയിട്ടില്ല. വിവിധ വികസന പദ്ധതികളുടെ നിലവിലുള്ള സ്ഥിതി എന്തെന്ന് അദ്ദേഹത്തിന് അറിവില്ല. വകുപ്പു തലത്തിൽ ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി യോഗം പോലും വിളിച്ചു ചേർത്തിട്ടില്ല. ഇടപെടലിന്റെ അഭാവമാണ് വികസനം ഇഴയാൻ കാരണം. ഈ സാഹചര്യത്തിൽ നടന്ന ജനകീയ സമരവും തന്റേതാക്കാനുളള ശ്രമമാണ് എം.എൽ.എയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അരുൺ ആരോപിച്ചു. ഇരവാദം ഉപേക്ഷിച്ച് മറ്റ് തിരക്കുകൾ അല്പമെങ്കിലും മാറ്റിവച്ച് മണ്ഡലത്തിനുവേണ്ടി പ്രവർത്തിക്കാൻ എം.എൽ.എ. തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.