മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ ഭരണസമിതിയുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ മുനിസിപ്പൽ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ടാങ്കർ ലോറികളിൽ വെള്ളം കൊടുക്കുന്നതിലെ വ്യാപക അഴിമതി, മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം ഫെസ്റ്റിന് സ്ഥലം നൽകിയതിലെ അഴിമതി, വോട്ടർപട്ടികയിൽ പേര് നീക്കംചെയ്യാൻ കൊടുത്ത പേരുകൾ നീക്കം ചെയ്യാതിരിക്കുക, തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാതിരിക്കുക, ഒമ്പതാം വാർഡിൽ കേടുപാടുകൾ സംഭവിച്ച കെട്ടിടം മെയിന്റനസ് നടത്താനുള്ള കൗൺസിൽ തീരുമാനം നടപ്പാക്കാതിരിക്കുക തുടങ്ങിയവ വിഷയങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. കൗൺസിലർ കെ.ജി. അനിൽകുമാർ ധർണ ഉദ്ഘാടനം ചെയ്തു. വി.എ. ജാഫർ സാദിക്ക്, പി.വി. രാധാകൃഷ്ണൻ, പി.എം. സലിം, മീര കൃഷ്ണൻ, നിസ അഷറഫ്, നെജില ഷാജി, സുധ രഘുനാഥ് എന്നിവർ സംസാരിച്ചു.