sathi-lalu

ആലുവ: സർക്കാർ നിർദ്ദേശപ്രകാരമുള്ള ആരോഗ്യ ശുചിത്വ പരിപാലന സ്ക്വാഡ് അംഗങ്ങൾക്കെതിരെ വധഭീഷണി മുഴക്കിയ അറവുശാല ഉടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയൻ ആലുവ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. സിജിമോൾ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.ആർ. മഹേഷ് അദ്ധ്യക്ഷനായി. കീഴ്മാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് സ്‌നേഹ മോഹനൻ, റസീല ഷിഹാബ്, പ്രതിപക്ഷ നേതാവ് സാജു മത്തായി, കെ.എ. രമേശ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എൻ.കെ. സുജേഷ്, കെ.എ. കൃഷ്ണകുമാർ,​ വി.ആർ. ദേവലാൽ, വി.എസ്. സതീശൻ എന്നിവർ നേതൃത്വം നൽകി.

അശോകപുരം അണ്ടിക്കമ്പനി ഭാഗത്ത് മത്സ്യ - മാംസക്കച്ചവടം നടത്തുന്ന കൊടികുത്തുമല സ്വദേശി ഫൈസലാണ് ചൊവ്വാഴ്ച ആയുധങ്ങളുമായി കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജിന്റെ നേതൃത്വത്തിലുള്ള നാലംഗ സ്‌ക്വാഡിന് നേരെ വധഭീഷണി മുഴക്കിയത്.