പറവൂർ: പറവൂർ മേഖലയിലെ യാത്രാക്ളേശം പരിഹരിക്കാൻ പറവൂർ നഗരസഭയും മോട്ടോർ വാഹനവകുപ്പും സംയുക്തമായി ജനകീയ സദസ് സംഘടിപ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയായി. പുതിയ ബസ് റൂട്ടിന്റെ നിർദേശങ്ങൾ പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ പ്രതിപക്ഷനേതാവിന് കൈമാറി. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, തഹസിൽദാർ ടോമി, ജോയിന്റ് ആർ.ടി.ഒ ബി. ഷേർളി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ബസുടമകൾ, ബസ് തൊഴിലാളി സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. യാത്രാക്ളേശം പരിഹരിക്കാൻ നൂറിലധികം നിർദ്ദേശങ്ങൾ ലഭിച്ചതായും ഇവ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ കെ. മനോജ് അറിയിച്ചു.