കൊച്ചി: അവിവാഹിതനായ സഹോദരന്റെ മരണാനന്തര ധനസഹായം നൽകാത്ത സാധുജനസംഘത്തിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാരരീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകോടതി. സാധുജനസംഘത്തിന്റെ നിയമാവലിയിലെ വ്യവസ്ഥകൾ ലംഘിച്ച നടപടിചോദ്യംചെയ്ത് സമർപ്പിച്ച പരാതിയിലാണ്‌ കോടതിയുടെ ഉത്തരവ്. ഇടക്കൊച്ചി സ്വദേശികളായ മേരി ബോണിഫസ് , ഭർത്താവ് പി.ടി. ബോണിഫസ് എന്നിവർ തോപ്പുംപടിയിലെ വിശുദ്ധ ഔസേപ്പിൻ സാധുജന സംഘത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. അവകാശിക്ക് 71,000രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃകോടതി ഉത്തരവിൽ പറയുന്നു.

അവിവാഹിതനായ സഹോദരൻ അപ്രതീക്ഷിതമായ മരിച്ചപ്പോൾ നിയമാവലി പ്രകാരമുള്ള മരണാനന്തര ധനസഹായം സംഘം നൽകിയില്ലെന്നത് ചട്ടവിരുദ്ധം മാത്രമല്ല സംഘത്തിന്റെ അടിസ്ഥാനലക്ഷ്യത്തിന്റെ നിരാസവും കുടുംബാംഗങ്ങളോട് കാണിച്ചത് അനീതിയുമാണെന്ന് ഡി.ബി ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.