കൊച്ചി: കേരള ലളിതകലാ അക്കാഡമിയും അബുദാബിയിലെ റിസ്ക് ആർട്ട് ഇനീഷേറ്റീവും ചേർന്ന് സംഘടിപ്പിക്കുന്ന അബുദാബിയിലെ കലാകാരന്മാരുടെ അന്തർദ്ദേശീയ കലാ പ്രദർശനം ദർബാർ ഹാളിൽ ഇന്ന് തുടങ്ങും. പ്രദർശനത്തിൽ അബുദാബി സർക്കാരിന്റെ സാംസ്കാരിക ടൂറിസം വകുപ്പുകളും പങ്കാളികളാണ്. 'നോട്ട്സ് ഫ്രം അനദർ ഷോർ" എന്ന പ്രദർശനത്തിൽ ഹാഷൽ അൽ ലംകിയുടെ സോളോ എക്സിബിഷനും അൽമഹ ജാരള്ള, ലതീഫ സയിദ്, സമോ ഷലാബി തുടങ്ങിയ കലാകാരന്മാരുടെ ഗ്രൂപ്പ് എക്സിബിഷനുമാണുള്ളത്.
ഇന്തോ അറബ് സാംസ്കാരിക വൈവിധ്യത്തിന്റെ സംഗമവേദികൂടിയാകും പ്രദർശനം.
വെനീസ്, ഇറ്റലി എന്നിവിടങ്ങളിലെ പ്രദർശനത്തിന് ശേഷമാണ് കലാസൃഷ്ടികൾ ഇവിടെ പ്രദർശിപ്പിക്കുന്നത്. ആഗസ്റ്റ് 18ന് സമാപിക്കും.
27ന് വൈകിട്ട് ആറിന് അന്തർദ്ദേശീയ കലാകാരന്മാർ, ക്യൂറേറ്റർമാർ, കലാവിദ്യാർത്ഥികൾ, കലാസ്വാദകർ എന്നിവർ ഉൾപ്പെടുന്ന പാനൽചർച്ച നടക്കും.
ഡർബാർ ഹാളിൽ ഇന്ന് രാവിലെ 10.30 ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വീഡിയോ സന്ദേശത്തിലൂടെ ചടങ്ങിൽ ഭാഗമാകും. ലളിതകലാ അക്കാഡമി ചെയർപേഴ്സൺ മുരളി ചീരോത്ത് , ഇനിഷ്യേറ്റീവ്, ക്രിയേറ്റീവ് ഡയറക്ടർ മീന വാരി , ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ. എം. അനിൽകുമാർ, റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഫീന യൂസഫ് അലി, അബുദാബി ആർട്ട് ഡയറക്ടർ ദിയാല നസീബ്, അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ എന്നിവർ പങ്കെടുക്കും.