കൊച്ചി: പ്രളയത്തിന്റെ ബാക്കിപത്രമായി 2018ൽ കരപറ്റിയ കുറുക്കന്മാർ കരുമാല്ലൂരിന്റെ ഉറക്കം കെടുത്തുന്നു. ഇവയെ പിടികൂടാൻ കൂടും സ്ഥാപിച്ച് കാത്തിരിക്കുകയാണ് നാട്ടുകാരും വനം വകുപ്പും. പിടികൂടി കാട്ടിലേക്കയക്കുകയാണ് ലക്ഷ്യം. വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ട് ഒരാഴ്ചയായെങ്കിലും ഒന്നും കുടുങ്ങിയിട്ടില്ല. കന്നുകാലികളെയും അരുമ മൃഗങ്ങളെയും ആക്രമിച്ച് കുറുനരിക്കൂട്ടങ്ങൾ വിലസുമ്പോൾ പേവിഷ ഭീതിയിലാണ് നാട്ടുകാർ.
കരുമാല്ലൂർ ഗ്രാമപഞ്ചായത്തിൽ ആലുവ- പറവൂർ റൂട്ടിലുള്ള മനയ്ക്കപ്പടി, തട്ടാംപടി, മുരിയക്കൽ, പുതുക്കാട്, മാമ്പ്ര ഭാഗങ്ങളിലാണ് ശല്യം രൂക്ഷമായത്. മുരിയക്കലിൽ വിജനമായ പറമ്പിലെ കുറ്റിക്കാടുകളിൽ നിന്നാണ് ഇരുട്ടിന്റെ മറവിൽ ഇവ പുറത്തിറങ്ങുന്നതെന്ന് പറയുന്നു. ഗ്രാമപഞ്ചായത്ത് അധികൃതർ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ജീവനക്കാരെത്തി കൂട് സ്ഥാപിച്ചത്. ആദ്യമൊരുക്കിയ കെണികളിൽ കുറുക്കൻ കുടുങ്ങിയില്ല. നാളുകൾക്ക് മുമ്പ് തട്ടാംപടി സൗത്ത് വാർഡിൽ കൈവരിയില്ലാത്ത കിണറ്റിൽ ഒരു കുറുക്കൻ വീണിരുന്നതായി ജനപ്രതിനിധികൾ പറഞ്ഞു. ഇതിനെ വനംവകുപ്പെത്തി പിടിച്ചിരുന്നു.
കുറുനരിയാകാൻ സാദ്ധ്യത
കേരളത്തിൽ കുറുക്കൻ (Fox) തീരെക്കുറവാണെന്ന് വനംവകുപ്പ് ദ്രുതകർമ്മ സേനാംഗങ്ങൾ വ്യക്തമാക്കി. സാധാരണ കാണുന്നത് കുറുനരികളെ(Jackal)യാണ്. അവയുടെ സാന്നിദ്ധ്യം കരുമാല്ലൂരിലുമുണ്ടായേക്കാൻ സാദ്ധ്യതയുണ്ട്.
കൂടുതൽ കൂടുകൾ സ്ഥാപിക്കണമെന്നും പേവിഷബാധ പ്രതിരോധിക്കാൻ ദൗത്യസംഘത്തെ വിന്യസിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കുറുക്കന്മാർ പെറ്റുപെരുകി
പെരിയാർ പ്രദേശത്ത് പ്രളയകാലത്തെ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കുറുക്കന്മാർ പെറ്റുപെരുകിയെന്നതാണ് നിഗമനം. ഇവയുടെ കടിയേൽക്കുന്ന വളർത്തുമൃഗങ്ങളിൽ നിന്ന് രോഗങ്ങൾ പടർന്നേക്കുമെന്നും ആശങ്കയുണ്ട്.
അതിനാൽ കെണിയിൽ ഇറച്ചിക്കഷണവും വച്ച് അവർ കാത്തിരിക്കുകയാണ്, ക്ഷണിക്കാതെ വന്ന അതിഥികളെ കാടുകയറ്റാനായി.
കുറക്കന്മാർ കൗശലക്കാരാണ്. കൂടുകളിൽ കയറുന്നില്ല. ഇരുട്ടിന്റെ മറവിൽ പട്ടിയേത് കുറുക്കനേതെന്ന് തിരിച്ചറിയാനുമാകുന്നില്ല.
- ശ്രീലത ലാലു,
പ്രസിഡന്റ്
കരുമാല്ലൂർ ഗ്രാമപഞ്ചായത്ത്.