മൂവാറ്റുപുഴ: മുഖത്ത് ആസിഡ് ഒഴിച്ച് യുവാവിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി വിധിച്ചു. 29ന് ജഡ്ജി ടോമി വർഗീസ് ശിക്ഷ വിധിക്കും. പല്ലാരിമംഗലം മുണ്ടൻകോട്ടിൽ കുഞ്ഞുമോൻ മകൻ ഷൈജു, പല്ലാരിമംഗലം തോട്ടുചാലിൽ നൂറ് എന്ന ഇബ്രാഹിം എന്നിവരാണ് പ്രതികൾ. 2013 നവംബർ 14ന് രാത്രിയിൽ പല്ലാരിമംഗലം മാവുടി കൂട്ടപ്ലായ്ക്കൽ വീട്ടിൽ രാഘവൻ മകൻ കെ.ആർ. ഗിരീഷിന്റെ മുഖത്താണ് ആസിഡ് ഒഴിച്ചത്. കമ്പിവടിക്ക് തലക്കടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നു. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ, അഭിലാഷ് മധു എന്നിവർ ഹാജരായി.