കൊച്ചി: മാസ്റ്റേഴ്സ് പവർലിഫ്ടിംഗിൽ ഇന്ത്യയുടെ അഭിമാന താരമായ റീനി തരകന് ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡൽ കൊയ്ത്ത്. മദ്ധ്യപ്രദേശ് ഇൻഡോറിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് എക്വിപ്ഡ് ആൻഡ് ക്ലാസിക് പവർലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിലാണ് നേട്ടം.
മാസ്റ്റേഴ്സ് -3യിൽ 76 കിലോ വിഭാഗത്തിലാണ് 63കാരിയായ റീനി മത്സരിച്ചത്. വ്യക്തിഗത ചാമ്പ്യൻഷിപ്പടക്കം എട്ടു മെഡലുകൾ നേടി. ക്ലാസിക്, എക്വിപ്ഡ് മത്സരങ്ങളിൽ സ്ക്വാട്ടിലും ഡെഡ്‌ലിഫ്ടിലും സ്വർണം നേടിയ റീനി ബെഞ്ച് പ്രസിൽ വെള്ളിയും കരസ്തമാക്കി. രണ്ടുവിഭാഗങ്ങളിലും ചാമ്പ്യൻഷിപ്പ് സ്വർണവും സ്വന്തമാക്കി.
ചേർത്തല തൈക്കാട്ടുശേരി സ്വദേശിയാണ് റീനി. തമ്മനത്തെ 'ഫിറ്റ്നെസ് കൊച്ചി' ജിമ്മിലെ മേരി ബീനയാണ് നിലവിലെ പരിശീലക. വിവിധ ദേശീയ ടൂർണമെന്റുകളിൽ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള റീനി
കഴിഞ്ഞവർഷം മംഗോളിയയിൽ നടന്ന മേളയിൽ
ലോകചാമ്പ്യനുമായിരുന്നു.
105 കിലോ
ക്ലാസിക് ഡെഡ് ലിഫ്ടിൽ 105 കിലോ ഉയർത്തി ഇൻഡോറിൽ കഴിഞ്ഞദിവസം റീനി തരകൻ ദേശീയ റെക്കാഡുമിട്ടു. 102.5 കിലോയായിരുന്നു ഇതുവരെയുള്ള റെക്കാഡ്.
ക്ലാസിക്കിലെ സ്ക്വാട്ട് ലിഫ്ടിൽ റീനി 70 കിലോയും ബെഞ്ച് പ്രസിൽ 42.5 കിലോയുമാണ് ഉയർത്തിയത്. എക്വിപ്ഡ് ഇനത്തിലെ സ്ക്വാട്ട് ലിഫ്ടിൽ 72.5 കിലോയും ബെഞ്ച് പ്രസിൽ 42.5 കിലോയും ഡെഡ് ലിഫ്ടിൽ 110 കിലോയും ഭാരമുയർത്തി