ചോറ്റാനിക്കര: പഞ്ചവാദ്യ തിമിലാചാര്യൻ ചോറ്റാനിക്കര നാരായണ മാരാർ സ്മൃതിദിനാചരണവും വാദ്യകലാരത്ന സുവർണമുദ്ര പുരസ്കാര സമർപ്പണവും 27ന് നടക്കും. ചോറ്റാനിക്കര പുതുശേരി മാരാത്ത് രാവിലെ 10.30ന് നടക്കുന്ന അനുസ്മരണച്ചടങ്ങ് അംബിക നാരായണമാരാർ ഉദ്ഘാടനം ചെയ്യും. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് വാദ്യകലാരത്ന സുവർണമുദ്രാ പുരസ്കാര സമർപ്പണം നിർവഹിക്കും. ചടങ്ങിൽവച്ചാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. ഒരുപവന്റെ സ്വർണപ്പതക്കമാണ് സമ്മാനം. ഡോ. ലക്ഷ്മി ശങ്കർ, ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചുണ്ടലാത്ത്, എളവൂർ അനിൽ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
ചോറ്റാനിക്കര നാരായണൻമാരാർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്മൃതി ദിനത്തോടനുബന്ധിച്ച് വൈകിട്ട് 6.30ന് ദേവീക്ഷേത്രം നടയിൽ ചിറക്കൽ നിതീഷ് മാരാരുടെ തായമ്പകയും നടക്കും.