മൂവാറ്റുപുഴ: കാലവർഷം തകൃതിയായി പെയ്തതോടെ ഏറ്റുമീൻ ലക്ഷ്യമിട്ട് മൂവാറ്റുപുഴയാറിൽ ചൂണ്ടയിടൽ സംഘങ്ങൾ സജീവം. മഴ കനക്കുന്നതോടെ പുഴകളിൽ ഏറ്റുമീനെത്തിത്തുടങ്ങും.
പുഴകളിലും തോടുകളിലും ചതുപ്പുനിലങ്ങളിലും ചൂണ്ടയും കുട്ടകളുമായി മീൻപിടിക്കാൻ നാട്ടുകാരുടെ തിരക്കാണ്.
ചേറ്, വരാൽ, മനിഞ്ഞിൽ, വാള, കട്‌ല, റൂഹ് അടക്കമുള്ള മത്സ്യങ്ങളാണ് ചൂണ്ടയിൽ കുടുങ്ങുന്നത്. നാടൻ ചൂണ്ടകൾ മുതൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ചൂണ്ടകൾ വരെ ഉപയോഗിച്ചാണ് പലരും മത്സ്യം പിടിക്കുന്നത്.
മൂവാറ്റുപുഴയാർ, മുളവൂർ തോട്, അടക്കമുള്ള കൈവഴികൾ എന്നിവിടങ്ങളിലെല്ലാം ചൂണ്ടയിടാൻ ധാരാളം പേർ എത്തുന്നുണ്ട്. മൂവാറ്റുപുഴയാറിലെ പുഴയോര നടപ്പാത, കൈവരികളും തോടുകളുടെയും പാലങ്ങൾ എല്ലാം തന്നെ പ്രായഭേദമന്യേ ചൂണ്ടയിടലുകാർ കൈയേറിയിരിക്കുകയാണ്. പലർക്കും ഒഴിവുദിവസത്തെ വിനോദമാണ് ചൂണ്ടയിടൽ. കൂടാതെ ഉപജീവനമാർഗത്തിനായി ചൂണ്ടയിടുന്നവരുമുണ്ട്.
ആറിൽ നിന്ന് പിടിക്കുന്ന മീനുകൾക്ക് ആവശ്യക്കാർ ഏറെയാണ്. വാങ്ങാനെത്തുന്നവർ വിലനോക്കാറുമില്ല.
ജോണി
മീൻ പിടിത്തക്കാരൻ