ചോറ്റാനിക്കര: കുരീക്കാട് റെയിൽവേ മേൽപ്പാലം നിർമ്മാണം അനന്തമായി നീളുന്നതോടെ ഇതിലൂടെ വരുന്ന വാഹനയാത്രക്കാർ റെയിൽവേക്രോസ് കടക്കാൻ ഏറെനേരം കാത്തുകിടക്കേണ്ടിവരുന്നു. മേൽപ്പാലം എന്ന് യാഥാർത്ഥ്യമാകുമെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.
മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് വർഷങ്ങൾക്കുമുമ്പ് അനുമതി ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ നീണ്ടുപോവുകയായിരുന്നു. 2019ൽ അനൂപ് ജേക്കബ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി ലഭിച്ചു. അതിനായി കളക്ടറെ ചുമതലപ്പെടുത്തി. 2018-19ൽ കിഫ്ബിയിൽ നിന്ന് തുക അനുവദിച്ച് കൊണ്ട് ഉത്തരവ് ഇറങ്ങിയെങ്കിലും. സ്ഥലം ഏറ്റെടുപ്പ് പൂർത്തീകരിച്ചിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി 26ന് പ്രധാനമന്ത്രി ഓൺലൈനായി തറക്കല്ലിട്ടുവെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. നിർമ്മാണ ചുമതല വഹിക്കുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ, റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെ ങ്കിലും ഇതുവരെ നടപടികൾക്ക് വേഗത ഉണ്ടായിട്ടില്ല.
നീളുന്ന സ്ഥലമേറ്റെടുപ്പ്
* പാലത്തിനും അപ്രോച്ച് റോഡിനുമായി ഏറ്റെടുക്കേണ്ടത്1.9 2 ഏക്കർ സ്ഥലം
* സ്ഥലം ഏറ്റെടുക്കൽ അടക്കം പദ്ധതി നിർവഹണത്തിനായി 36.8 കോടിരൂപയുടെ ഭരണാനുമതി
* പാലവും അപ്രോച്ച് റോഡുമടക്കം മേൽപ്പാലത്തിന്റെ നീളം 472.4 മീറ്റർ
* പാലത്തിന് 11.8 മീറ്ററും റോഡിന് 10.2 മീറ്ററുമാണ് വീതി.
കുരുക്കഴിയാൻ വേണം മേൽപ്പാലം
ചോറ്റാനിക്കര - പുതിയകാവ് റോഡിൽ കുരീക്കാട് റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമായാൽ തിരുവാങ്കുളം കരിങ്ങാച്ചിറ ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. തിരുവാങ്കുളത്തും കരിങ്ങാച്ചിറയിലും ഗതാഗതക്കുറുക്കുണ്ടായാൽ എളുപ്പത്തിൽ കുരീക്കാട് പുതിയകാവ് റോഡിലൂടെ നഗരത്തിൽ എത്തിച്ചേരാനാകും. നിലവിൽ ഗേറ്റ് അടയ്ക്കുമ്പോൾ വേണ്ടിവരുന്ന കാത്തുകിടപ്പാണ് യാത്രക്കാരെ ഈ വഴി സ്വീകരിക്കുന്നതിൽനിന്ന് അകറ്റുന്നത്. അഞ്ചുമുതൽ 15മിനിറ്റുവരെ ഇരുഭാഗത്തേക്കും ട്രെയിൻ കടന്നുപോകുന്നതിനായി ഗേറ്റ് അടച്ചിടും. അടക്കുന്ന ഗേറ്റ് പണിമുടക്കുന്നതും പതിവാണ്. മേൽപ്പാലം യാഥാർത്ഥ്യമായാൽ സമയനഷ്ടം ഒഴിവാകുകയും ഗതാഗതക്കുരുക്ക് കുറയുകയും ചെയ്യും.
സ്ഥലം ഏറ്റെടുക്കൽ നടപടി എത്രയുംവേഗം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നൽകി. ടെൻഡർപോലും നടത്താത്ത പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തിയത് പ്രഹസനമാണ്. കൊവിഡ് ഭീഷണി ഒന്നരവർഷത്തോളം പദ്ധതി നീണ്ടുപോകുന്നതിന് കാരണമായി.
അനൂപ് ജേക്കബ് എം.എൽ.എ