vd
എടത്തല ശാന്തിഗിരിയിൽ കോൺഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പ് 'നവവീര്യം' പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടത് നേതാക്കന്മാരുടെ അടുപ്പക്കാരെയല്ലെന്നും, വിജയസാദ്ധ്യതയും ജനസ്വാധീനവും ഉള്ളവരെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എടത്തല ശാന്തിഗിരിയിൽ കോൺഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പ് 'നവവീര്യം" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രവർത്തനം പ്രൊഫഷണൽ രീതിയിലായിരിക്കും. എൽ.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ കുറ്റപത്രം തയ്യാറാക്കണം. യു.ഡി.എഫ് ഭരിക്കുന്നിടത്ത് സംസ്ഥാന സർക്കാരിനെതിരെയായിരിക്കണം കുറ്റപത്രം.

ഘടക കക്ഷികൾക്ക് സീറ്റ് നൽകാൻ നേതാക്കൾക്കൊന്നും താത്പര്യമില്ലെന്നറിയാം. പക്ഷെ അർഹതപ്പെട്ടവർക്ക് കൊടുത്തേ പറ്റൂ. തർക്കമുണ്ടായാൽ ജില്ലാ തലത്തിൽ പരിഹരിക്കണം. 75 ശതമാനം സീറ്റും സ്ഥാപനങ്ങളും നേടാൻ കഴിയണം.

മാറി നിൽക്കുന്നവരെ നേരിൽ കണ്ട് തിരിച്ചുകൊണ്ടുവരണം. മൂന്നാഴ്ച്ച കൂടുമ്പോൾ മണ്ഡലം തലത്തിൽ റിവ്യു നടത്തി പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ നിയോജക മണ്ഡലം തലത്തിലും നേതൃക്യാമ്പുകൾ സംഘടിപ്പിക്കും.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ധിഖ്, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ കെ. ബാബു, റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ടി.ജെ. വിനോദ്, മാത്യു കുഴൽനാടൻ, ഉമ തോമസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, എസ്. അശോകൻ, അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗ്ഗീസ്, ജോസഫ് വാഴക്കൻ, ഡോമനിക് പ്രസന്റേഷൻ, അജയ് തറയിൽ, ഐ.കെ. രാജു, സക്കീർ ഹുസൈൻ, തമ്പി സുബ്രഹ്മണ്യം, പി.ജെ. ജോയി, കെ.പി. ഹരിദാസ്, എം.ഒ. ജോൺ, കെ.ബി. മുഹമ്മദ്കുട്ടി തുടങ്ങിയവർ സംസാരിച്ചു.