മൂവാറ്റുപുഴ: മുറിക്കൽ ബൈപ്പാസ് നിർമ്മിക്കുന്നതിന് ഏറ്റെടുക്കേണ്ട സ്ഥലം പദ്ധതി നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിക്ക് റവന്യൂ വകുപ്പ് കൈമാറി തുടങ്ങി. ലാൻഡ് അക്വിസിഷൻ തഹസിൽദാരുടെ നേതൃത്വത്തിലാണ് സ്ഥലം ഏറ്റെടുത്ത് കൈമാറുന്നത്. കഴിഞ്ഞ പതിനെട്ടാം തീയതി എം.എൽ.എയുടെ നിർദ്ദേശപ്രകാരം കളക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിലാണ് സ്ഥലം ഏറ്റെടുപ്പ് പൂർത്തീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് കളക്ടർ ഉത്തരവിറക്കിയത്.
85 ശതമാനം ഭൂമി ഏറ്റെടുത്തു നൽകിയാൽ റോഡിന്റെ ടെൻഡർ നടപടികൾ ആരംഭിക്കാവുന്നതാണ്. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായാൽ റോഡ് നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. അറിയിച്ചു. മതിയായ രേഖകൾ ഹാജരാക്കത്തവരുടെയും സ്ഥലം വിട്ടു നൽകുന്നതിന് തടസം നിൽക്കുന്നവരുടെയും സ്ഥലം നഷ്ടപരിഹാരത്തുക നിയമം അനുശാസിക്കുന്ന വിധത്തിൽ കോടതിയിൽ കെട്ടിവച്ച് ഏറ്റെടുക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.