തൃപ്പൂണിത്തുറ: പ്രതിപക്ഷ യു.ഡി.എഫ് അംഗങ്ങൾ വിവിധ പ്രശ്നങ്ങൾ ശക്തമായി ഉന്നയിച്ചതോടെ നഗരസഭ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 12 സി.സി ടിവി ക്യാമറകൾ പ്രവർത്തന രഹിതമായതിനാൽ മാലിന്യനിക്ഷേപകരെ കണ്ടെത്താൻ കഴിയുന്നില്ലെന്നും നഗരസഭയിലെ വകുപ്പ് മേധാവികൾ തമ്മിലുള്ള തർക്കംമൂലം വീടുകൾക്കുള്ള പെർമിറ്റ് അപേക്ഷകളും റവന്യൂ വിഭാഗത്തിലെ അപേക്ഷകളുടെ ഫയലുകളും മാസങ്ങളായി തീർപ്പാക്കാതെ കിടക്കുന്നുവെന്നും യു.ഡി.എഫ് അംഗങ്ങൾ കൗൺസിലിൽ ആരോപിച്ചു. ഇതോടെ ബഹളം തുടങ്ങി. ക്യാമറകൾ സ്ഥാപിച്ച കമ്പനിയോട് അടിയന്തരമായി അത് മാറ്റിസ്ഥാപിച്ചാലേ ബില്ല് പാസാക്കൂ എന്ന തീരുമാനം കൗൺസിൽ പാസാക്കി.
നഗരസഭാ സെക്രട്ടറിയും അസി. എക്സി. എൻജിനിയറും തമ്മിലുള്ള തർക്കം ചെയർപേഴ്സന്റെ മദ്ധ്യസ്ഥതയിൽ പരിഹരിച്ച് കെട്ടിക്കിക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കണമെന്ന് യു.ഡി.എഫ് അംഗങ്ങളായ പി.ബി. സതീശൻ, ഡി. അർജുനൻ, റോയ് തിരുവാങ്കുളം എന്നിവർ ആവശ്യപ്പെട്ടു.