sndp-mla

ആലുവ: ആഗ്രഹം ഏറെയുണ്ടായിരുന്നെങ്കിലും സ്വപ്നത്തിൽ പോലും നടക്കുമെന്ന് കരുതിയിട്ടില്ലാത്ത ആകാശയാത്ര യാഥാർത്ഥ്യമായതിന്റെ അഹ്ലാദത്തിലാണ് എടയപ്പുറത്തെ വയോധിക സംഘം. എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് നെടുമ്പാശേരിയിൽ നിന്ന് ബംഗളൂരുവിലേക്ക് വയോധികർക്കായി വിമാന യാത്ര ഒരുക്കിയത്.

ഇന്നലെ പുലർച്ചെ 10.30ഓടെ ബംഗളൂരുവിലെത്തിയ 19 അംഗ സംഘം നേരത്തെ ഏർപ്പെടുത്തിയിരുന്ന ബസിൽ ലാൽബാഹും നഗരവും ചുറ്റിക്കറങ്ങിയ ശേഷം രാത്രി തന്നെ ട്രെയിൻ മാർഗം നാട്ടിലേക്ക് തിരിച്ചു. ഇന്ന് പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷനിൽ സംഘം തിരിച്ചെത്തും. എടയപ്പുറം മുഡൂർ വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ രാധയാണ് സംഘത്തിലെ ഏറ്റവും മുതിർന്ന അംഗം. പുരുഷന്മാരിൽ മുതിർന്ന അംഗം 70കാരനായ എടയപ്പുറം കുരിയിലേത്ത് വീട്ടിൽ വിശ്വനാഥനും. ലൈബ്രറി പ്രസിഡന്റ് സി.കെ. ജയന്റെയും സെക്രട്ടറി സി.എസ്. അജിതന്റെയും നേതൃത്വത്തിലാണ് സ്വപ്നയാത്രക്ക് അവസരമൊരുക്കിയത്.

ഇന്നലെ രാവിലെ ഏഴിന് ലെെബ്രറി അങ്കണത്തിൽ അൻവർ സാദത്ത് എം.എൽ.എ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് എം.കെ. വേണുഗോപാൽ അദ്ധ്യക്ഷനായി വഹിച്ചു. വാഴക്കുളംബ്ലോക്ക് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങളായ ഹിത ജയകുമാർ, സാഹിത അബ്ദുൾ സലാം, കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. മുജീബ്, എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖാപ്രസിഡന്റ് ടി.എ. അച്യുതൻ, സി.ഡി. ബാബു, സി.കെ. ജയൻ, പി.എം. അയൂബ്, സി.എസ് അജിതൻ, കെ.കെ. സുബ്രഹ്മണ്യൻ, കമ്മിറ്റി അംഗം ശ്രീനിക സാജു, കെ.പി. നാസർ, പി.ജി. വേണു, നിബിൻ കുന്നപ്പിള്ളി, കബീർ എന്നിവർ സംസാരിച്ചു.