pipe

കുറുപ്പംപടി: വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ ദുരിതത്തിലായി മുടക്കുഴ പഞ്ചായത്ത് ഓഫീസ്. പഞ്ചായത്ത് ഓഫിസിന്റെ കവാടത്തിലൂടെ പോകുന്ന പോകുന്ന തുരുമ്പിച്ച പൈപ്പിൽ നിന്ന് വെള്ളം ലീക്കായി ഒഴുകിപ്പരക്കാൻ തുടങ്ങിയിട്ട് ദീർഘനാളായി. ഓഫിസിലേക്ക് വരുന്ന ജീവനക്കാരും നാട്ടുകാരും വെള്ളത്തിൽ ചവിട്ടിവേണം അകത്തേയ്ക്ക് കയറാൻ. പല വട്ടം പഞ്ചായത്ത് അധികൃതർ അസി. എക്സിക്യുട്ടീവ് എൻജിനിയർ അടക്കമുള്ള വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും ഇതുവരെയും തിരിഞ്ഞു നോക്കിയിട്ടില്ല. തുരുമ്പിച്ച പൈപ്പുകൾ മാറ്റാമെന്ന് പറഞ്ഞ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ ജനപ്രതിനിധികളെ കബളിപ്പിക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് 12 ലക്ഷം രൂപ പഞ്ചായത്തിൽ നിന്ന് വാട്ടർ കണക്ഷന്റെ ബില്ല് അടച്ചത്. പൊതു ടാപ്പുകൾ ഏറ്റവും കുറവുള്ള പഞ്ചായത്താണ് മുടക്കുഴ. ഇല്ലാത്ത ടാപ്പുകളുടെ എണ്ണം പറഞ്ഞാണ് വാട്ടർ അതോറിട്ടി ബില്ലുകൾ തരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ആരോപിച്ചു. പഞ്ചായത്ത് അതിർത്തിയിലെ തുരുമ്പിച്ച പൈപ്പുകൾ നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.