പറവൂർ: ചേന്ദമംഗലം കവലയിൽ കാറും ഐസ് കയറ്റി വന്ന മിനി ലോറിയും കൂട്ടിയിടിച്ചു. കാറിൽ ഇടിച്ചു നിയന്ത്രണം വിട്ട മിനി ലോറി ഇരുചക്രവാഹന യാത്രികനെ ഇടിച്ചിട്ടു. കാറിന്റെ മുൻഭാഗം തകർന്നു. ലോറി മറിഞ്ഞ് ഐസ് മുഴുവൻ റോഡിൽ വീണു. വ്യാഴം പുലർച്ചെ ആറിനാണ് അപകടം. ചേന്ദമംഗലം ഭാഗത്ത് നിന്നെത്തിയ കാറും കച്ചേരിപ്പടി ഭാഗത്ത് നിന്നെത്തിയ മിനി ലോറിയുമാണ് അപകടമുണ്ടാക്കിയത്. സ്‌കൂട്ടർ യാത്രികൻ കെടാമംഗലം സ്വദേശി റോജിയുടെ കൈയ്ക്ക് ഒടിവുണ്ട്. കാർ യാത്രികരായ കരുപ്പടന്ന സ്വദേശികളായ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഗുരുതരമായ പരുക്കുകളില്ല. ഐസ് പൂർണമായി നീക്കി റോഡ് ഗതാഗത യോഗ്യമാക്കാൻ മണിക്കൂറുകളെടുത്തു.
വീതി കുറഞ്ഞ ചേന്ദമംഗലം കവലയിൽ അപകടങ്ങൾ പതിവാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കവലയിൽ വച്ച് ബസ് ഇരുചക്രവാഹനത്തിൽ ഇടിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് നിയന്ത്രണം വിട്ട ലോറി കവലയിലെ പഴയ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പത്രവിതരണത്തിനിറങ്ങിയ ഏജന്റ് മരിച്ചു.