ph
ശോച്യാവസ്ഥയിലായ കാലടി ബസ് സ്റ്റാൻഡ്

കാലടി: ആദിശങ്കരന്റെ ജന്മനാടായ കാലടിയിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ വികസനം ഇനിയും അകലെ. പ്രദേശവാസികൾക്ക് പുറമെ ശൃംഗേരി മഠം, മലയാറ്റൂർ പള്ളി, കാഞ്ഞൂർ പള്ളി, തിരുവൈരാണിക്കുളം ക്ഷേത്രം, സംസ്കൃത സർവകലാശാല ഉൾപ്പെടെയുള്ള നിരവധി കേന്ദ്രങ്ങളിലേക്ക് അന്യദേശത്ത് നിന്നെത്തുന്നവർ വരെ ആശ്രയിക്കുന്ന ബസ് സ്റ്റാൻഡാണിത്. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾ സന്ദർശനം നടത്തിയ ഇടമായിട്ടും ബസ് സ്റ്റാൻഡിലെ സൗകര്യങ്ങളും വൃത്തിയും മെച്ചപ്പെടുത്തണമെന്ന ചിന്ത പഞ്ചായത്ത് അധികൃതർക്ക് ഇല്ല. രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള പഞ്ചായത്ത് ബസ് സ്റ്റാൻഡ് വികസിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യം. എം.സി റോഡ് വഴി യാത്ര ചെയ്യുന്ന കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റിയിറക്കണമെന്ന ഉത്തരവുണ്ട്. എന്നാൽ, കെ.എസ്.ആർ.ടി.സി അധികൃതർ ഇക്കാര്യം പാലിക്കുന്നില്ലെന്ന പരാതിയും യാത്രക്കാർക്കുണ്ട്.

ശുചിത്വവുമില്ല,​ സുരക്ഷയുമില്ല

വൃത്തി തൊട്ടുതീണ്ടാതെ...

1. ബസ് സ്റ്റാൻഡ് പരിസരത്തിലുള്ള ഹോട്ടലുകൾക്ക് ഒരു കെട്ടിടം പോലുമില്ല. ഹോട്ടലുകളായി പ്രവർത്തിക്കുന്നവയ്ക്ക് ശുചിത്വമില്ല

2. കൂൾബാർ നടത്തുന്ന കടകളിൽ ചപ്പു ചവറുകളും മാലിന്യങ്ങളും കൂമ്പാരമായി കിടക്കുന്നു

3. അഞ്ചു വർഷം മുമ്പ് നടത്തിയ ടാറിംഗ് എല്ലാം പൊട്ടിപ്പൊളിഞ്ഞു

4. ബസ് സ്റ്റാൻഡിൽ യാതൊരുവിധ അറ്റകുറ്റപ്പണികളും നടക്കുന്നില്ല

5. കാലടിയിലെത്തുന്ന തീർത്ഥാടർക്ക് സുരക്ഷയൊരുക്കാൻ ആരംഭിച്ച ടൂറിസം പൊലീസ് അസിസ്റ്റിംഗ് സെന്റർ അടച്ചു പൂട്ടി. നാലു പൊലീസ് ഉദ്യോഗസ്ഥരുടെ സേവനമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്

130 - പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ

യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ബി. സാബുവിന്റെ കാലത്ത് ഉണ്ടാക്കിയ ടൂറിസം പൊലീസ് അസിസ്റ്റിംഗ് സെന്റർ സംവിധാനത്തെ എൽ.ഡി.എഫ് സർക്കാർ തകർത്തു.

റെന്നി പാപ്പച്ചൻ

മണ്ഡലം പ്രസിഡന്റ്,

കോൺഗ്രസ്(ഐ)

യു.ഡി.എഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ കഴിവില്ലായ്മയും ദീർഘ വീക്ഷണമില്ലായ്മയുമാണ് ഈ ദു:സ്ഥിതിക്ക് കാരണം. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹായങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താൻ ഇവർ ശ്രമിക്കണം

പി.ബി.സജീവ്,​

ടൗൺ വാർഡ് മെമ്പർ

കാലടി