വൈപ്പിൻ: ഞാറക്കൽ ഗ്രാമപഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റുകൾ തെളിയാത്തതിൽ പ്രതിഷേധിച്ച് ഒന്നാം വാർഡ് മെമ്പർ സജീഷ് മങ്ങാടന്റെ നേതൃത്വത്തിൽ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ ഇലക്ട്രിക് പോസ്റ്റിന് താഴെ രാത്രി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ഈ വർഷത്തെ കരാറുകാരന്റെ പ്രവർത്തനം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും സ്ട്രീറ്റ് ലൈറ്റുകൾ തെളിയാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. മേഖലയിൽ അണലി അടക്കമുള്ള വിഷ പാമ്പുകളുടെ ശല്യം വളരെ കൂടുതലാണ്. അതിനാൽ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാതെ രാത്രികാലങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാനും മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാനും പറ്റാത്ത അവസ്ഥയിലാണ്.
പഞ്ചായത്ത് പ്രസിഡന്റിന് മുന്നിൽ പലതവണ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്ന് വാർഡ് മെമ്പർ പറഞ്ഞു. പഞ്ചായത്തിലെ ചില മെമ്പർമാരും കോൺട്രാക്ടർമാരും ചേർന്ന് കരാർ ജോലികളിൽ വൻ തട്ടിപ്പുകളാണ് നടത്തുന്നതെന്നും മെമ്പർ ആരോപിച്ചു.