കോലഞ്ചേരി: കടം കയറി മുടഞ്ഞപ്പോൾ കര കയറാൻ മാർഗം നോക്കി ലോട്ടറിയെ ആശ്രയിച്ച കടയിരുപ്പ് എഴിപ്രം മനയത്ത് യാക്കോബിന് ഭാഗ്യദേവതയുടെ കടാക്ഷം. സംസ്ഥാന ഭാഗ്യക്കുറിയുടെ കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്ന സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് (എസ്.ജെ 118247) ലഭിച്ചത്. വീട് സ്ഥിതി ചെയ്യുന്ന 3 സെന്റ് സ്ഥലം മാത്രമാണ് 75 കാരനായ ഇദ്ദേഹത്തിനുള്ളത്. നല്ല വഴിയുള്ള വീട് സ്വന്തമാക്കണമെന്നാണ് ഡ്രൈവറായ ഇദ്ദേഹത്തിന്റെ ആഗ്രഹം. കോലഞ്ചേരിയിലെ തോംസൺ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റ് കൊതുകാട്ടിൽപീടികയിൽ നിന്നാണ് വാങ്ങിയത്. ടിക്കറ്റ് കടയിരുപ്പ് യൂണിയൻ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു. 30 വർഷമായി ലോട്ടറി വാങ്ങുന്ന ഇദ്ദേഹത്തിന് മുമ്പ് ചെറിയ തുകകൾ സമ്മാനം ലഭിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്.