കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപദേശക സമിതി രൂപീകരണത്തിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് പുതിയ മാർഗനിർദേശങ്ങൾ. പുതിയ ബൈലാ ഗസറ്റ് വിജ്ഞാപനം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കൊച്ചിൻ ദേവസ്വം ബോർഡിന് നിർദേശം നൽകി.
തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വിവിധ ഉപദേശക സമിതികളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളും തിരിമറികളും പ്രവർത്തനപ്പിഴവകളും സംബന്ധിച്ച് അനവധി ഹർജികൾ സമർപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്. സമിതികളുടെ സാമ്പത്തിക തിരിമറികളും രാഷ്ട്രീയ ഇടപെടലുകളും ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ വഴിയൊരുക്കും.
ഹൈക്കോടതി നിരീക്ഷണങ്ങൾ
ചില ഉപദേശക സമിതികൾ ഭീമമായ തുക ഭാരവാഹികളുടെ സ്വകാര്യ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു
കൃത്യമായ കണക്കുകളോ ആഡിറ്റിംഗോ ഇല്ല.
ഭക്തരിൽ നിന്ന് ഉപദേശകസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനും പ്രവർത്തനത്തിനും കൃത്യമായ മാനദണ്ഡങ്ങളില്ല.
മേൽകാരണങ്ങൾ കൊണ്ട് സമിതികളുടെ ക്രമേക്കടുകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
പുതിയ മാർഗനിർദേശങ്ങിൽ നിന്ന്
ഉപദേശക സമിതിയെ സമവായത്തിൽ തിരഞ്ഞെടുക്കണം. സാധിച്ചില്ലെങ്കിൽ നറുക്കെടുപ്പ് ആകാം.
ദേവസ്വം ഓഫീസറാണ് ഇനി മുതൽ സമിതി ട്രഷറർ
സമിതി കാലാവധി രണ്ട് വർഷം. ഭാരവാഹിത്വം ഒരു വർഷം മാത്രം. സമിതി അംഗത്വം പരമാവധി രണ്ട് വട്ടം
കാലാവധി ഏതെങ്കിലും സാഹചര്യത്തിൽ നീട്ടേണ്ടിവന്നാൽ ഒരു വർഷം മാത്രം
സമിതിയെ സ്ഥിരമായി ഒഴിവാക്കേണ്ടി വന്നാൽ ഹൈക്കോടതിയുടെ അനുമതി വാങ്ങണം
സമിതിയിലെ പരമാവധി അംഗസംഖ്യ 9. ചോറ്റാനിക്കര, തൃപ്പൂണിത്തുറ, എറണാകുളം, വടക്കുംനാഥൻ, തൃപ്രയാർ, കൊടുങ്ങല്ലൂർ, തിരുവില്വാമല എന്നീ ക്ഷേത്രങ്ങളിൽ 16 വരെയും.
സമിതികളുടെ എല്ലാ രശീതുകളിലും കൂപ്പണുകളിലും ലെറ്റർഹെഡുകളിലും ദേവസ്വം അനുവദിച്ച രജി. നമ്പർ വേണം
യഥാസമയം കണക്കുകൾ ഹാജരാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ഉൾപ്പടെ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാം.
സമിതിയുടെ പേരിൽ ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് മാത്രമേ പാടുള്ളൂ.
രാഷ്ട്രീയത്തിന് മൂക്കുകയർ, ധനനിയന്ത്രണം ബോർഡിന്
കൊച്ചി: ഹൈക്കോടതിയുടെ പുതിയ മാർഗനിർദേശം പ്രാബല്യത്തിൽ വരുമ്പോൾ കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഉപദേശക സമിതികളിൽ രാഷ്ട്രീയ ഇടപെടൽ എളുപ്പമല്ല. നിലവിൽ പ്രമുഖക്ഷേത്രസമിതി അംഗങ്ങളെ ദേവസ്വം ബോർഡ് നാമനിർദേശം ചെയ്യുകയാണ്. സി.പി.എം. പ്രാദേശിക ഭാരവാഹികളും നേതാക്കളുടെ ബന്ധുക്കളും നിരവധി സമിതികളിൽ ഇങ്ങിനെ അംഗമായിട്ടുണ്ട്. പുതിയ മാർഗനിർദേശ പ്രകാരം പൊതുയോഗത്തിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കണം. തർക്കമുണ്ടെങ്കിൽ നറുക്കെടുത്ത് നിശ്ചയിച്ച് ബോർഡിന്റെ അംഗീകാരം വാങ്ങണം. നാമനിർദ്ദേശത്തിന് വകുപ്പില്ല.
ഉപദേശക സമിതി ട്രഷറർ ദേവസ്വം ഉദ്യോഗസ്ഥരാകുമ്പോൾ സമിതികൾക്ക് സാമ്പത്തിക അച്ചടക്കമുണ്ടാകും. നിലവിൽ പല സമിതികളും വൻതുകകൾ പോലും കൈകാര്യം ചെയ്യുന്നത് നിരുത്തരവാദപരമായാണ്. പള്ളുരുത്തി അഴകിയകാവ് ക്ഷേത്രസമിതി പത്ത് വർഷം മുമ്പ് മരംവാങ്ങിയ വകയിൽ കൊടുക്കാനുള്ളത് കാൽകോടി രൂപയാണ്.
ക്ഷേത്രപുനരുദ്ധാരണത്തിന്റെയും മറ്റും പേരുപറഞ്ഞ് ഒരേ സമിതിക്ക് വർഷങ്ങളോളം തുടരുന്നതും ഒഴിവാകും. രണ്ട് വർഷ കാലയളവിന് ശേഷം ഇനി ഒരു വർഷത്തേക്ക് കൂടിയേ പരമാവധി ദീർഘിപ്പിക്കാൻ ബോർഡിന് അനുവാദമുള്ളൂ. ഭാരവാഹിത്വം വഹിച്ചവർ അടുത്ത കമ്മിറ്റിയിൽ പദവിയിൽ തുടരാനാകില്ല. രണ്ട് വട്ടത്തിലേറെ സമിതി അംഗത്വവും പാടില്ല. പ്രധാനപ്പെട്ട ഏഴ് ക്ഷേത്രങ്ങൾ ഒഴികെ മറ്റെല്ലായിടത്തും 9 അംഗപരിധി വരുന്നതോടെ ജംബോ സമിതികളും ഇല്ലാതാകും.