footpath

കൊച്ചി: നടപ്പാതകൾ കൈയേറിയുള്ള കച്ചവടങ്ങൾക്കെതിരെ കോ‌ർപ്പറേഷൻ നടപടി ആരംഭിച്ചു. കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ എല്ലാ സോണുകളിലും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി. നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ ഈ മാസം 25ന് കേരളകൗമുദി പത്രത്തിൽ പ്രസിദ്ധീകരിച്ച 'കടകൾ ഫുട്പാത്തിലേക്ക്; യാത്രക്കാർ റോഡിലേക്ക് "എന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് നടപടി. കോർപ്പറേഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി കച്ചവട സ്ഥാപനങ്ങൾ പുറത്തേക്ക് ഇറക്കി വച്ചിട്ടുള്ള എല്ലാ അനധികൃത നിർമ്മാണങ്ങളും മാറ്റിച്ചു.
കഴിഞ്ഞ ദിവസം വൈറ്റിലയിൽ കച്ചവടക്കാർ ഒഴിപ്പിക്കൽ നടപടിക്കെതിരെ പ്രതിഷേധിച്ചിരുന്നു. ഈ ഭാഗത്തെല്ലാം അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ സജീവമാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള റോഡിലും വ്യാപകമായി കൈയേറ്റങ്ങൾ നടന്നിട്ടുണ്ട്. നടപ്പാതകളിലെ തുണിക്കച്ചവടം, നടുക്ക് ഇറക്കി വച്ചിട്ടുള്ള ബോർഡുകൾ, പാർക്കിംഗ് എന്നിവയെല്ലാം ഉടൻ നീക്കുമെന്ന് എൻജിനീയറിംഗ് വിഭാഗം അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ നടപ്പാതകൾ കൈയേറിയിട്ടുണ്ടെങ്കിൽ കെ. സ്മാ‌ർട്ടിലൂടെ അതത് തദ്ദേശ സ്ഥാപനങ്ങളിൽ പരാതിപ്പെടാം.

നടപ്പാത ഇല്ലാതാകുന്ന വഴികൾ

1. കടയുടെ ഷട്ടറും നടപ്പാതയും തമ്മിൽ മൂന്ന് മീറ്റർ അകലം വേണമെന്ന നിബന്ധന പലരും പാലിച്ചിട്ടില്ല.

2. ഷട്ടറിനിപ്പുറം കടകൾ മുന്നോട്ട് നിർമ്മിച്ചു

3. ഫുട്പാത്തിൽ അനധികൃത പാർക്കിംഗ്

4. പല സ്ഥലങ്ങളിലും ഹോട്ടലുകളുടെ ബഞ്ച് നടപ്പാതകളിലാണ്.

ഇന്നലെയെടുത്ത നടപടികൾ

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കച്ചവടക്കാർ നടപ്പാതകളിൽ കെട്ടിത്തൂക്കിയിരുന്ന വാഴക്കുലകളെല്ലാം എടുത്തി മാറ്റിച്ചു.

ചിറ്റൂ‌ർ റോഡിലെ കച്ചവട സ്ഥാപനങ്ങളിലെ ബോർഡുകൾ മാറ്റാനും നടപ്പാതകളിൽ നിർമ്മിച്ചിട്ടുള്ള പടികൾ പൊളിച്ചു മാറ്റാനും നിർദ്ദേശം നൽകി.

6 സോണുകളിൽ ഒഴിപ്പിക്കൽ നടപടി

നടപ്പാതകൾ കയ്യേറിയുള്ള കച്ചവടം അനുവദിക്കില്ല. ഒഴിപ്പിക്കൽ നടപടികൾ തുടരും. പൊലീസ്, റെവന്യൂ അധികൃതരെ അടക്കം ഉൾപ്പെടുത്തിയുള്ള നടപടികളും ഉണ്ടാവും

എം. അനിൽകുമാർ

മേയർ

കോർപ്പറേഷനിലെ ആറ് സോണുകളിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതാണ് ആദ്യ ഘട്ടം.

കെ.ജി. സുരേഷ്

അസി. എക്സിക്യുട്ടീവ് എൻജിനീയർ

സെൺട്രൽ സോൺ