rajeev

കൊച്ചി: മൂന്നുവർഷത്തിനിടയിൽ അഞ്ചുകോടിയിലധികം രൂപ നിക്ഷേപിച്ച സംരംഭകർക്ക് പിന്തുണ നൽകാനും പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെയും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ തുടർനിക്ഷേപ സമ്മേളനം നാളെ കൊച്ചിയിൽ നടക്കും.

250 സംരംഭകർ പങ്കെടുക്കുന്ന സമ്മേളനം രാവിലെ 10.15 ന് കൊച്ചി ലേ മെറീഡിയനിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷത വഹിക്കും.

അനുഭവങ്ങളും ഉൾക്കാഴ്ചകളും തുടർപ്രവർത്തനങ്ങളും സംരംഭകർ സമ്മേളനത്തിൽ പങ്കുവയ്ക്കും. കേരളത്തിന്റെ നിക്ഷേപസൗഹൃദ നയങ്ങളും ശക്തമായ അടിസ്ഥാനസൗകര്യ വികസനവും ചർച്ച ചെയ്യും.

വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടറും കെ.എസ്‌.ഐ.ഡി.സി എം.ഡിയുമായ എസ്. ഹരികിഷോർ, കെ.എസ്‌.ഐ.ഡി.സി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ പോൾ ആന്റണി തുടങ്ങിയവർ പ്രഭാഷണം നടത്തും. നിക്ഷേപകരുമായി മന്ത്രി പി. രാജീവ് ആശയവിനിമയം നടത്തും. സിന്തൈറ്റ് ഡയറക്ടർ അജു ജേക്കബ്, വി.കെ.സി ഗ്രൂപ്പ് എം.ഡിയും കെ.എസ്‌.ഐ.ഡി.സി ഡയറക്ടറുമായ വി.കെ.സി റസാഖ്, പി.എൻ.സി ഗ്രൂപ്പ് വൈസ് ചെയർമാൻ ശ്രീനാഥ് വിഷ്ണു, ബിഫ ഡ്രഗ് ലബോറട്ടറീസ് സി.ഇ.ഒയും എം.ഡിയുമായ അജയ് ജോർജ് വർഗീസ് തുടങ്ങിയവർ അനുഭവങ്ങൾ പങ്ക് വയ്ക്കും.

ഉച്ച കഴിഞ്ഞ് നാല് സെഷനുണ്ടാകും.