കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാതല അദാലത്ത് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്തിന് തുടക്കം കുറിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള ഫയലുകൾ ഒഴികെയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ശ്രമം. ഈ അദാലത്തിൽ പരിഹരിക്കാൻ കഴിയാത്ത ഫയലുകൾ തീർപ്പാക്കാൻ തിരുവനന്തപുരത്ത് സംസ്ഥാനതല അദാലത്തും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവും പങ്കെടുത്തു.
തൃശൂർ ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിൽ 2012 മുതൽ നിയമന അംഗീകാരം ലഭിക്കാതെ ജോലിചെയ്തുവന്നിരുന്ന 105 യു.പി സ്‌കൂൾ ടീച്ചർമാരുടെ നിയമനം അംഗീകരിച്ചുള്ള സർക്കാർ ഉത്തരവ് മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ മന്ത്രി വി. ശിവൻകുട്ടി സ്ഥാപനത്തിന്റെ കോർപ്പറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പന് കൈമാറി.
സർക്കാർ ഏറ്റെടുത്ത എയ്ഡഡ് സ്‌കൂളുകളുടെ ഏറ്റെടുക്കൽ ഉത്തരവും വർഷങ്ങളായി നിയമന ഉത്തരവ് ലഭിക്കാതിരുന്ന ജീവനക്കാരുടെ നിയമന ഉത്തരവുകളും മന്ത്രി കൈമാറി. മുളവുകാട് ഗവ. എൽ.പി സ്‌കൂൾ, തൃപ്പൂണിത്തുറ പെരുമ്പിള്ളി ഗവ. യു.പി സ്‌കൂൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി.
പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എസ്. ഷാനവാസ്, അഡീഷണൽ ഡയറക്ടർ എ. സന്തോഷ്, മേഖലാ ഉപഡയറക്ടർ ഹണി.ജി. അലക്‌സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.