വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിക്കും
കൊച്ചി: ""മാനവികതയുടെ മഹാസംഗമം, ആശാന്റെ സ്മൃതിപഥത്തിലൂടെ ആത്മായനം"" എന്ന സന്ദേശവുമായി എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിക്കുന്ന അശ്വത്ഥം - ആശാത്മായനം പരിപാടി നാളെ രാവിലെ 9.30ന് പാലാരിവട്ടം കുമാരനാശാൻ സ്മാരക ഹാളിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. 60 വയസ് പിന്നിട്ട നാനൂറോളം മുൻകാല യൂണിയൻ കമ്മിറ്റിയംഗങ്ങൾ, ശാഖായോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറിമാരെ ആദരിക്കുകയും, വിവിധ കോഴ്സുകളിലെ റാങ്ക് ജേതാക്കളെയും എസ്.എസ്.എൽ.സി., പ്ളസ് ടൂ പരീക്ഷകളിൽ ഫുൾ എ പ്ളസ് നേടിയ 300 ഓളം വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യുന്ന ചടങ്ങാണ് അശ്വത്ഥം. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷനാകും. പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് സ്വാഗതവും വൈസ് ചെയർമാൻ സി.വി.വിജയൻ നന്ദിയും പറയും.
• ആശാൻ സ്മരണയിൽ ആശാത്മായനം
മലയാള സാഹിത്യത്തിൽ കാല്പനിക വസന്തം വിരിയിച്ച മഹാകവിയും ഗുരുദേവശിഷ്യനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന കുമാരനാശാന്റെ സ്മൃതിദിനത്തിന്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് കണയന്നൂർ യൂണിയനിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ് ആശാത്മായനം. യൂണിയന് കീഴിലെ എല്ലാ ശാഖകളിലും കുടുംബ യൂണിറ്റുകളിലും ആശാൻ അനുസ്മരണവും പ്രഭാഷണവും കുടുംബസംഗമങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും.