darbar

കൊച്ചി: കേരളത്തിലെയും യു.എ.ഇയിലെയും കലാകാരൻമാരുടെയും ആർട്ട് എക്സിബിഷന് എറണാകുളം ഡർബാർ ആർട്ട് ഗ്യാലറിയിൽ തുടക്കമായി.

കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാരുടെ ഉന്നമത്തിനായി പ്രവർത്തിക്കുന്ന റിസ്ഖ് ആർട്ട് ഇനീഷേറ്റീവിന്റെ നേതൃത്വത്തിലാണ് എക്‌സിബിഷൻ. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. കലാകാരൻമാർക്ക് ആഗോളവേദിയൊരുക്കുന്ന റിസ്ഖ് ആർട്ട് ഇനിഷേറ്റീവിന്റെയും ഷഫീന യൂസഫലിയുടെയും ചുവടുവയ്പ്പ് മാതൃകാപരമെന്നും കേരളത്തിലെ കലാകാരൻമാർക്ക് മികച്ച അവസരമാണ് റിസ്ഖ് ആർട്ട് ഇനീഷേറ്റീവ് നൽകുന്നതെന്നും പി. രാജീവ് പറഞ്ഞു.

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ നേർസാക്ഷ്യമാണ് റിസ്ഖ് ആർട്ട് ഇനീഷേറ്റീവിന്റെ എക്‌സിബിഷനെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ എം.എ യൂസഫലി പറഞ്ഞു. ടി.ജെ. വിനോദ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, അബുദാബി ആർട്ട് ഡയറക്ടർ ദിയാല നസീബ്, റിസ്ഖ് ആർട്ട് ഇനീഷേറ്റീവ് ക്രീയേറ്റീവ് ഡയറക്ടർ മീന വാരി, കേരള ലളിതകലാ അക്കാഡമി സെക്രട്ടറി എൻ. ബാലമുരളി കൃഷ്ണൻ, റിസ്ഖ് ആർട്ട് ഇനീഷേറ്റീവ് കോ-ഓർഡിനേറ്റർ എസ്. മാളവിക, യു.എ.ഇയിൽ നിന്നുള്ള കലാകാരന്മാർ എന്നിവർ പങ്കെടുത്തു.

എക്‌സിബിഷൻ ആഗോള കലാമേളയായി മാറുമെന്ന് വീഡിയോ സന്ദേശത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ പറഞ്ഞു.

സമകാലിക അറബ് ആർട്ടുകൾ

യു.എ.ഇയിലെ കലാകാരൻമാരുടെ സൃഷ്ടികളാണ് പ്രത്യേകമായി പ്രദർശനത്തിലുള്ളത്. സമകാലിക അറബ് ആർട്ടുകൾ കൊണ്ട് ശ്രദ്ധേയരായ ബിയോണ്ട് എമേർജിംഗ് ആർട്ടിസിറ്റ്‌സുകളുടെ സൃഷ്ടികൾ പ്രദർശനത്തിലുണ്ട്. ഹാഷൽ അൽ ലംകി, അൽമഹാ ജറള, സാമോ ഷെലാബി, ലത്തീഫ സയീദ് തുടങ്ങിയ അറബ് കലാകാരൻമാരുടെ സൃഷ്ടികളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ലോകോത്തര കലാകാരൻമാർ ഭാഗമാകുന്ന പാനൽചർച്ചയും ഒരുക്കിയിട്ടുണ്ട്. എക്‌സിബിഷൻ ആഗസ്റ്റ് 18ന് അവസാനിക്കും.