പറവൂർ: വ്യാഴാഴ്ച രാത്രി 12 മണിയോടെ പെയ്ത ശക്തമായ മഴയിലും ആഞ്ഞുവീശിയ കാറ്റിലും ചേന്ദമംഗലം കോട്ടയിൽകോവിലകം ഹോളിക്രോസ് പള്ളിയിലെ ഓടുകൾ പറന്നുപോയി. ചരിത്ര പ്രാധാന്യമുള്ള ഹോളിക്രോസ് പള്ളി മുസിരിസ് പൈതൃക പദ്ധതി ഏറ്റെടുത്ത് നവീകരിച്ച് ഈ മാസം ആദ്യമാണ് ഉദ്ഘാടനം ചെയ്തത്. സമീപത്തെ പള്ളിമേടയുടെ കുറച്ച് ഓടുകളും നശിച്ചു. പള്ളിയങ്കണത്തിലെ തേക്ക് മരവും നിലംപൊത്തി.
ചേന്ദമംഗലം അങ്കാളിയമ്മൻ ക്ഷേത്രത്തിന്റെ മുൻവശത്തെ വലിയ ആൽമരവും തേക്കും കടപുഴകി വീണ് ക്ഷേത്രം ഓഫീസിനും മതിലിനും ഊട്ടുപുരയ്ക്കും നാശനഷ്ടമുണ്ടായി. വടക്കേക്കര പഞ്ചായത്ത് മുറവൻതുരുത്ത് പതിനൊന്നാം വാർഡിലെ നമ്പ്യത്ത് ലിജുവിന്റെ വീട് വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ തകർന്നു വീണു. ഓടിട്ട മേൽക്കൂരയും വീടിന്റെ ഭിത്തികളും നശിച്ചു. അപകടസമയം ലിജു വീട്ടിൽ ഇല്ലായിരുന്നു.