കാലടി: എൽ.ഡി.എഫ് പിന്തുണയോടെ കഴിഞ്ഞ അഞ്ച് ദിവസമായി കാലടി പഞ്ചായത്ത് ഓഫീസിസിന് മുമ്പിൽ പ്രതിപക്ഷ മെമ്പർമാർ നടത്തിയ പഞ്ചദിന സത്യാഗ്രഹ സമരം ഇന്ന് സമാപിക്കും. എൽ.ഡി.എഫ് ജനപ്രതിനിധികളുടെ വാർഡുകളിലെ പദ്ധതികളിൽ പഞ്ചായത്ത് പ്രസിഡന്റ് പുലർത്തുന്ന വിവേചനത്തിലും എസ്.സി ഫണ്ടുകൾ ചെലവഴിക്കാത്തതിലും ബ്ലോക്ക് - പഞ്ചായത്ത് സംയുക്ത പദ്ധതികൾ ഉപേക്ഷിച്ചതിലും പ്രതിഷേധിച്ചായിരുന്നു സമരം. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിജൊ ചൊവ്വരാൻ, ആൻസി ജിജോ, കാലടി പഞ്ചായത്ത് പ്രതിപക്ഷ മെമ്പർമാരായ കെ. കുഞ്ഞപ്പൻ, സി.വി. സജേഷ്, സരിത ബൈജു, സമിത ബിജു, പി.ബി. സജീവ് എന്നിവരാണ് സമരം നയിക്കുന്നത്. ഇന്നലെ നടന്ന സമരം കേരള കോൺഗ്രസ് എം ജില്ലാ കമ്മറ്റി അംഗം ജെസ്റ്റിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ആന്റണി തെറ്റയിൽ അദ്ധ്യക്ഷനായി. കർഷക സംഘം അങ്കമാലി ഏരിയ സെക്രട്ടറി പി. അശോകൻ, ഏരിയ കമ്മറ്റി അംഗം എം.ടി. വർഗീസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബേബി കാക്കശേരി, ടി.ആർ.വി വല്ലഭൻ എന്നിവർ സംസാരിച്ചു.