asramam

ആലുവ: സാംസ്‌കാരിക വകുപ്പും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സർവമത സമ്മേളന ശതാബ്ദി സെമിനാർ ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. എല്ലാ മതവും മുന്നോട്ട് വയ്ക്കുന്നത് ഒരേ ആശയമാണെന്നാണ് സർവമത സമ്മേളനത്തിലൂടെ ശ്രീനാരായണ ഗുരുദേവൻ പറഞ്ഞതെന്നും ഈ ആശയത്തിന് ഇക്കാലത്ത് പ്രസക്തിയേറെയാണെന്നും അദ്ദേഹം പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷനായി. ഇതോടനുബന്ധിച്ച് വൈജ്ഞാനികം ജേണൽ സ്വാമി ശുഭാംഗാനന്ദക്ക് നൽകി സുനിൽ പി. ഇളയിടം പ്രകാശിപ്പിച്ചു. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, സെന്റ്. സേവ്യേഴ്‌സ് കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷ ഡോ. മരിയ പോൾ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന സെമിനാറിൽ ശിവഗിരി മാസിക എഡിറ്റർ മങ്ങാട് ബാലചന്ദ്രൻ ഗുരുദേവന്റെ മതമീമാംസ എന്ന വിഷയത്തിലും ഗവ. സംസ്‌കൃത കോളേജിലെ സംസ്‌കൃത വിഭാഗം അദ്ധ്യാപിക സ്വാമിനി നിത്യ ചിന്മയി ശ്രീനാരായണഗുരുവിന്റെ ഏകലോകമാനവികത എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെന്റ് സേവ്യേഴ്‌സ് മലയാള വിഭാഗം അദ്ധ്യാപിക നികിത സേവ്യർ മോഡറേറ്ററായിരുന്നു.